Share this Article
ഏഴ് ചോദ്യങ്ങൾക്ക് മാത്യു കുഴല്‍നാടന്‍ മറുപടി പറയണമെന്ന് എംവി ഗോവിന്ദൻ; മൊയ്തീന്റെ വീട്ടില്‍ നിന്ന് എന്തുകിട്ടി?; മൊയ്തീന്‍ മാന്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നയാള്‍; തെരഞ്ഞെടുപ്പുകാലത്ത് ഇഡി രാഷ്ട്രീയം കളിക്കുന്നുവെന്നും ഗോവിന്ദൻ
വെബ് ടീം
posted on 25-08-2023
1 min read
MV GOVINDAN ON MOYDEEN AND VEENA VIJAYAN

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ സിപിഎം സെക്രട്ടേറിയേറ്റ് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിഷയത്തിൽ  മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വെല്ലുവിളി എംവി ഗോവിന്ദന്‍ തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ എല്ലാത്തിനും നികുതി അടച്ചിട്ടുണ്ടെന്നും നേതാക്കളുടെ മക്കളുടെ എല്ലാ കാര്യങ്ങളും പാര്‍ട്ടി അക്കൗണ്ടില്‍ വേണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

രേഖ പുറത്ത് വിടേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കാണ്.എല്ലാം സുതാര്യം ആണ്. മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കില്‍ വീണയുടെ കമ്പനിയുടെ അവസ്ഥ ഇതാണോ?. കമ്പനി തന്നെ പൂട്ടിപ്പോയില്ലേയെന്നും അദ്ദേഹം ചോദിച്ചു.കുഴല്‍നാടന്‍ മറുപടി പറയേണ്ട കാര്യങ്ങള്‍ പലതുണ്ട്.ഏഴ് കാര്യങ്ങളില്‍ മാത്യു വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചിന്നക്കനാലില്‍ ഭൂമി വാങ്ങിയതില്‍ വന്‍തോതിലുള്ള നികുതി വെട്ടിപ്പ്, ഭൂനിയമം ലംഘിച്ച് റിസോര്‍ട്ട് നടത്തി, വ്യാവസായിക അടിസ്ഥാനത്തില്‍ റിസോര്‍ട്ട് നടത്തിയിട്ട് അത് സ്വകാര്യ ഗസ്റ്റ് ഹൗസാണെന്ന് കള്ളം പറഞ്ഞു, 

നിയമവിരുദ്ധമായി ഭൂമി മണ്ണിട്ട് നികത്തി, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, അഭിഭാഷക വൃത്തിയോടൊപ്പം ബിസിനസ്സ് നടത്തി, വിദേശ നിക്ഷേപത്തില്‍ ഫെമ നിയമലംഘനം ഉണ്ടോ എന്ന ഏഴ് ചോദ്യങ്ങള്‍ക്ക് മാത്യു മറുപടി പറയണമെന്നും ഗോവിന്ദന്‍ പറഞ്ഞു.

മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനാണ് ഉപതെരഞ്ഞെടുപ്പ് കാലത്ത് ഇഡിയെ ഇറക്കിയതെന്ന് എംവി ഗോവിന്ദന്‍. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് അന്വേഷണം നേരത്തെ പൂര്‍ത്തിയാക്കിയതാണ്. അതില്‍ എവിടെയും എസി മൊയ്തീന്റെ പേര് ഇല്ല. വളരെ മാന്യമായ രീതിയില്‍ സംഘടനാപ്രവര്‍ത്തനം നടത്തുന്ന അദ്ദേഹത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനായി ബോധപൂര്‍വം രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായാണ് ഇഡി റെയ്ഡ് നടത്തിയത്. അതിന് വലിയ വാര്‍ത്താ പ്രാധാന്യമം മാധ്യമങ്ങള്‍ നല്‍കുകയും ചെയ്തതായും എംവി ഗോവിന്ദന്‍ പറഞ്ഞു.

രണ്ട് അക്കൗണ്ടുകള്‍ മരവിപ്പിച്ചു എന്നാണ് വാര്‍ത്ത. ആരുടെയും അക്കൗണ്ട് എപ്പോള്‍ വേണമെങ്കിലും മരവിപ്പിക്കാവുന്നതാണ്. നാലുപേരില്‍ നിന്നായി എന്തോപിടിച്ചുവെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ എസി മൊയ്തീനില്‍ നിന്ന് എന്താണ് പിടിച്ചതെന്ന് വ്യക്തമാക്കിയില്ല. എന്തൊരു അന്തസ്സില്ലാത്ത പത്രപ്രവര്‍ത്തനത്തിന്റെ രൂപമാണ് ഇതെന്നും ഗോവിന്ദന്‍ പറഞ്ഞു. എന്തോ കണ്ടെത്തിയിട്ടുണ്ടെന്ന കള്ള പ്രചാരവേല സംഘടിപ്പിക്കുകയാണ്. ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ വായ അടപ്പിക്കാനുള്ള ശ്രമമാണിത്. കേരളത്തിലാണെങ്കില്‍ ഇഡി ശരി. മറ്റ് എവിടെയാണെങ്കിലും  തെറ്റ് അതാണ് കോണ്‍ഗ്രസിന്റെ നയം.  ഇഡി സുധാകരനെ 9 മണിക്കൂറാണ് ചോദ്യം ചെയ്തത്. അത് എവിടെയും വാര്‍ത്തയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. 


തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാധ്യമങ്ങള്‍ക്കും ബൂര്‍ഷ്വാരാഷ്ട്രീയപാര്‍ട്ടികള്‍ക്കും കൊയ്ത്താണ്.  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കള്ളപ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ ആദ്യം പ്രതീക്ഷിച്ചതുപോലെ വിജയം എളുപ്പമല്ലെന്ന് യുഡിഎഫിന് മനസിലായി. സഹതാപതരംഗത്തില്‍ വന്‍ വിജയം നേടാമെന്നാണ് യുഡിഎഫ് കരുതിയത്. മത്സരംരംഗം സജീവമായതോടെ ഈസി വാക്കോവറായി ജയിച്ചുവരാന്‍ സാധിക്കുന്ന സ്ഥിതിയല്ലെന്ന് തിരിച്ചറിഞ്ഞതാണ് കള്ളപ്രചാരണം അഴിച്ചുവിടാന്‍ കാരണം. 

വികസനമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചച്ചെയ്യുകയെന്ന് തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. വികസനവും വികസനവിരുദ്ധവുമായ സമരമാണ് പുതുപ്പള്ളിയില്‍ നടക്കുന്നത്. പതിനൊന്ന് മേഖലയില്‍ വികസനവുമായി ബന്ധപ്പെട്ട് ഫലപ്രദമായ സെമിനാര്‍ നടന്നു. ഇനി പത്തുപരിപാടികള്‍ ഇന്നും നാളെയുമായി നടക്കും. മന്ത്രിമാര്‍, രാഷ്ട്രീയനേതാക്കള്‍ പങ്കെടുത്ത കുടുംബയോഗങ്ങള്‍ നടക്കുന്നുണ്ട്. 182 ബൂത്തിലും പത്ത് വീതം കുടുംബയോഗങ്ങള്‍ നടത്താനാണ് തീരുമാനിച്ചത്. ജനങ്ങളോട് നേരിട്ട് സംവേദിക്കുന്ന സഘടനാരീതിയാണ് നടക്കുന്നത്. നല്ല നിലയിലുള്ള ജനകീയ മുന്നേറ്റം നടത്താന്‍ പുതുപ്പള്ളിയില്‍ സാധിക്കുന്നുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories