Share this Article
അപ്രതീക്ഷിത തിരിച്ചുവരവ്; ബ്രിട്ടന്റെ പുതിയ വിദേശകാര്യമന്ത്രിയായി ഡേവിഡ് കാമറൂണ്‍; ജെയിംസ് ക്ലെവര്‍ലി ആഭ്യന്തര മന്ത്രി
വെബ് ടീം
posted on 13-11-2023
1 min read
DAVID CAMEROON RETURNED

ലണ്ടന്‍: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വീണ്ടും അധികാരസ്ഥാനത്ത്. ബ്രിട്ടന്റെ പുതിയ വിദേശകാര്യമന്ത്രിയായിട്ടാണ് കാമറൂണിനെ നിയമിച്ചത്. നിലവിലെ വിദേശകാര്യമന്ത്രി ജെയിംസ് ക്ലെവര്‍ലിയെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് കാമറൂണിന്റെ നിയമനം. 

2010 മുതല്‍ 2016 വരെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നു ഡേവിഡ് കാമറൂണ്‍. ബ്രെക്‌സിറ്റ് റഫറണ്ടം പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു കാമറൂണിന്റെ രാജി. അന്താരാഷ്ട്ര രംഗത്തെ കാമറൂണിന്റെ അനുഭവസമ്പത്ത് ബ്രിട്ടന് ഗുണകരമാകുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനകിന്റെ വിലയിരുത്തല്‍. 

ബ്രിട്ടന്റെ പുതിയ ആഭ്യന്തര മന്ത്രിയായി ജെയിംസ് ക്ലെവര്‍ലിയെയും നിയമിച്ചു. ആഭ്യന്തരമന്ത്രിയായിരുന്ന സുവെല്ല ബ്രേവര്‍മാനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് ക്ലെവര്‍ലിയുടെ നിയമനം. നിലവില്‍ ഋഷി സുനക് മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിക്കുകയായിരുന്നു ജെയിംസ് ക്ലെവര്‍ലി. 

പലസ്തീന്‍ അനുകൂല മാര്‍ച്ചിനെ പൊലീസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ച നടത്തിയ അഭിപ്രായപ്രകടനമാണ് ഇന്ത്യൻ വംശജയായ സുവെല്ല ബ്രേവർമാന്റെ പുറത്താക്കപ്പെടലിന് വഴിയൊരുക്കിയത്.  പലസ്തീന്‍ അനുകൂല റാലികളിലെ ചില തീവ്രവാദ ഘടകങ്ങള്‍ക്ക് നേരെ മെട്രോപൊളിറ്റന്‍ പൊലീസ് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ബ്രേവര്‍മാന്‍ വിമര്‍ശിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories