Share this Article
അച്ചാണി രവി അന്തരിച്ചു
വെബ് ടീം
posted on 08-07-2023
1 min read
ACHANI RAVI PASSES AWAY

കൊല്ലം: പ്രമുഖ സിനിമ നിർമ്മാതാവും കശുവണ്ടി  വ്യവസായിയുമായിരുന്ന കെ രവീന്ദ്രനാഥൻ നായർ (90) അന്തരിച്ചു.അന്ത്യം കൊല്ലത്തെ വസതിയിൽ. ജനറൽ  പിക്ചേഴ്സ് ഉടമയായിരുന്നു. 2008 ൽ ജെ.സി ഡാനിയേൽ പുരസ്കാരം നേടിയിട്ടുണ്ട്.മികച്ച നിർമ്മാതാവിനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ പലതവണ നേടിയിട്ടുണ്ട്.

1967ല്‍ 'അന്വേഷിച്ചു കണ്ടെത്തിയില്ല' എന്ന ചിത്രം നിര്‍മിച്ചുകൊണ്ടായിരുന്നു ജനറല്‍ പിക്ചേഴ്സ് ആരംഭിച്ചത്. പി ഭാസ്‌കരന്‍ ആയിരുന്നു സംവിധാനം. 68-ല്‍ 'ലക്ഷപ്രഭു', 69-ല്‍ 'കാട്ടുകുരങ്ങ്' എന്നീ ചിത്രങ്ങളും പി ഭാസ്‌കരന്‍ ജനറല്‍ പിക്ചേഴ്സിനുവേണ്ടി സംവിധാനം ചെയ്തു. 73-ല്‍ എ വിന്‍സെന്റിന്റെ 'അച്ചാണി', 77-ല്‍ 'കാഞ്ചനസീത', 78-ല്‍ 'തമ്പ്', 79-ല്‍ 'കുമ്മാട്ടി' 80-ല്‍ 'എസ്തപ്പാന്‍', 81-ല്‍ 'പോക്കുവെയില്‍' എന്നീ ചിത്രങ്ങള്‍ അരവിന്ദന്‍ ഒരുക്കി. 82-ല്‍ എംടി വാസുദേവന്‍ നായര്‍ 'മഞ്ഞ്' സംവിധാനം ചെയ്തു. 84-ല്‍ 'മുഖാമുഖം', 87-ല്‍ 'അനന്തരം', 94-ല്‍ 'വിധേയന്‍' എന്നീ ചിത്രങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണനും സാക്ഷാത്കരിച്ചു.

കാവ്യാത്മകവും ദാർശനികവുമായ പ്രതിപാദനശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും ചെയ്ത അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ ചലച്ചിത്രകാരൻമാരുടെ കലോദ്യമങ്ങളെ വളരെയധികം പിന്തുണച്ച സിനിമാ നിർമ്മാതാവാണ് കെ.രവീന്ദ്രനാഥൻ നായർ. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം.

കൊല്ലം സ്വദേശി വെണ്ടർ കൃഷ്ണപിളളയുടെയും നാണിയമ്മയുടെയും എട്ട് മക്കളിൽ അഞ്ചാമനായി 1933 ജൂലൈ മൂന്നിനാണ് രവീന്ദ്രനാഥന്‍ നായരുടെ ജനനം. സ്കൂള്‍  വിദ്യാഭ്യാസം കൊല്ലം കന്റോൺമെന്റ് ബേസിക് ട്രെയിനിംഗ് സ്ക്കൂളിലും ഗവ. ബോയ്സ് ഹൈസ്ക്കൂളിലും പൂർത്തിയാക്കി. 1955 ൽ കോമേഴ്സ് ഐച്ഛിക വിഷയമായി ബിരുദം നേടിയ ശേഷം കശുവണ്ടി വ്യവസായരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പിതാവിന്‍റെ മരണത്തോടെ ബിസിനസ് ഏറ്റെടുത്തു. അദ്ദേഹത്തിന്‍റെ വിജയലക്ഷ്മി കാഷ്യൂസ് കേരളത്തിലും പുറത്തും 115 ഫാക്ടറികളുളള വലിയ ബിസിനസ് ശൃംഖലയായി.

1967-ലാണ് ജനറൽ പിക്ചേഴ്സ് എന്ന സിനിമാ നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. സത്യനെ നായകനാക്കി അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്തേക്ക് കടന്നു. പി ഭാസ്കരൻ, എ വിൻസെൻറ് , എം ടി വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങളുടെ നിർമ്മാതാവായി. 1973-ൽ പുറത്തിറങ്ങിയ അച്ചാണി എന്ന സിനിമ ഹിറ്റായതോടെ അച്ചാണി രവി എന്നറിയപ്പെട്ടു തുടങ്ങി.  ആകെ നിർമിച്ച 14 സിനിമകൾക്ക് 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങളാണ് ലഭിച്ചത്. 

അച്ചാണിയുടെ ലാഭം ഉപയോഗിച്ച്  കൊല്ലം പബ്ലിക് ലൈബ്രറിയും സോപാനം ഓഡിറ്റോറിയവും നിർമ്മിച്ചത് രവിയാണ്. ചിൽഡ്രൻസ് ലൈബ്രറിയും ആർട്ട് ഗ്യാലറിയും ഉൾപ്പെട്ട ഇത് ഇപ്പോൾ കൊല്ലത്തെ സാംസ്കാരിക കേന്ദ്രമാണ്. സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് 2008-ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നല്‍കി സർക്കാർ ആദരിച്ചു. ഗായികയായിരുന്ന ഭാര്യ ഉഷ രവി 2013-ൽ അന്തരിച്ചു. പ്രതാപ് നായർ, പ്രകാശ് നായർ, പ്രീത എന്നിവരാണ് മക്കൾ.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories