ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഇടത് സംഘടന നേതാവ് കൂടിയായ നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെയാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. പരാതിക്ക് പിന്നാലെ നന്ദകുമാര്‍ മാപ്പ് അപേക്ഷിച്ചു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെയാണ് അച്ചു ഉമ്മന്റെ ജോലിയും വസ്ത്രധാരണം സാമ്പാദ്യവുമൊക്കെ ഉയര്‍ത്തിയുള്ള സൈബർ അധിക്ഷേപം സജീവമായത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി വിവാദത്തിന് മറുപടിയെന്ന നിലയിലായിരുന്നു ഇടത് അനുകൂല ഗ്രൂപ്പുകളിലെ പ്രചാരണം. എന്നാൽ മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ നന്ദകുമാറിന്റെ അധിക്ഷേപം അതിരു കടന്നതോടെ അച്ചു ഉമ്മൻ പരാതി നൽകി.
തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമ നടപടിയിലേക്ക് കടക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന അച്ചു, അധിക്ഷേപം കടുത്തതോടെയാണ് പരാതി നൽകാൻ തയ്യാറായത്. പോലീസിനു പുറമെ സൈബർ സെല്ലിനും വനിതാ കമ്മീഷനും അച്ചു ഉമ്മൻ പരാതി നൽകിയിയിരുന്നു. ഫേസ്ബുക്ക് ലിങ്കുകളും സ്ക്രീൻഷോട്ടുകളും അടക്കമാണ് പരാതി നൽകിയത്.
സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഉദേശിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ച തെറ്റിന് മാപ്പപേക്ഷിക്കുന്നൂവെന്നും പറഞ്ഞ് നന്ദകുമാര്‍ രംഗത്ത് വന്നു. പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടില്ലാത്ത തനിക്കെതിരെയാണ് അധിക്ഷേപം ഉണ്ടായതെന്ന് അച്ചു ഉമ്മൻ നേരത്തെ പ്രതികരിച്ചിരുന്നു.