ഏഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു കിരീടധാരണത്തിന് സാക്ഷ്യം വഹിക്കുകയാണ് ബ്രിട്ടണ്‍. ബ്രിട്ടൻ്റെ സിംഹാസനത്തിലേക്കുള്ള ചാള്‍സ് രാജാവിൻ്റെ കിരീടധാരണ ചടങ്ങ് ഇന്ന് നടക്കും. ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഖ്യാതിയും ഇതോടെ 73കാരനായ ചാള്‍സിന് സ്വന്തം. ഇന്ത്യന്‍ സമയം മൂന്ന് മണിക്കാണ് ചാള്‍സിൻ്റെ സ്ഥാനാരോഹണം. ലോകനേതാക്കളടക്കം നിരവധി ആളുകള്‍ ചടങ്ങില്‍ സന്നിഹിതരാകും.1948 നവംബർ 14 ന് എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും മൂത്ത മകനായി ബെക്കിംഗ്ഹാം കൊട്ടാരത്തിൽ ജനനം. ചാൾസ് മൂന്നാമന് മൂന്ന് വയസ് പ്രായമുള്ളപ്പോഴാണ് അന്നത്തെ രാജാവായിരുന്ന ജോർജ് ആറാമൻ മരണപ്പെടുന്നതും എലിസബത്ത് ദ സെക്കന്റ് രാജ്ഞിയായി അവരോധിക്കപ്പെടുന്നതും. അതോടെചാൾസ് മൂന്നാമൻ കിരീടാവകാശിയായി മാറി. ബ്രിട്ടീഷ് രാജകുടുംബത്തിൻ്റെ പരമ്പരാഗത രീതിയിലുള്ള വിദ്യാഭ്യാസസമ്പ്രദായത്തെ മാറ്റി ആദ്യമായി കൊട്ടാരത്തിന് പുറത്തുപോയി സ്കൂൾ വിദ്യാഭ്യാസം നേടിയത് ചാൾസ് രാജകുമാരനായിരുന്നു. ബക്കിംഗ്ഹാം കൊട്ടാരത്തിലും ലണ്ടൻ, ഹാംഷെയർ, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലും സ്വകാര്യ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം, ചാൾസ് മൂന്നാമൻ 1967-ൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ചേർന്നു. ബിട്ടീഷ് രാജകുടുംബത്തിൽ ആദ്ധ്യമായി ഡിഗ്രി വിദ്യാഭ്യാസ യോഗ്യത നേടിയതും ചാൾസ് മൂന്നാമനായിരുന്നു. ഡിഗ്രീ വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം 1967ലാണ് ഇദ്ദേഹത്തിന് പ്രിൻസ് ഓഫ് വെയിൽസ് സ്ഥാനം ലഭിക്കുന്നത്. പ്രിൻസ് ഓഫ് വെയിൽസ് സ്ഥാനാരോഹണത്തിന് മുൻപ് വെയിൽസ് ചരിത്രവും വെയിൽഷ് ഭാഷയും പഠിക്കാൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് വെയിൽസിലും ചാൾസ് മൂന്നാമൻ ചേർന്നു. അതോടൊപ്പം കാമുകിമാരുടെ പേരാൽ നിരന്തരം വാർത്താ മാധ്യമങ്ങളിൽ ഇടം പിടിച്ച വേറെയൊരു ബ്രിട്ടീഷ് രാജകുടുംബാഗവും ഉണ്ടായിട്ടില്ലന്നതും എടുത്തു പറയേണ്ട മറ്റൊരു വസ്തുതയാണ്. 1981-ൽ തന്റെ 31-ാം വയസിലാണ് ചാൾസ് മൂന്നാമൻ ഡയാന രാജകുമാരിയെ വിവാഹം ചെയ്യുന്നത്. ലോകം ഒന്നടങ്കം സാക്ഷ്യം വഹിച്ച ആ വിവാഹ ചടങ്ങിന് ശേഷവും മാധ്യമങ്ങളും ക്യാമറാ കണ്ണുകളും ഈ രാജകുടുംബത്തെ ഒന്നടങ്കം പിന്തുടർന്നിരുന്നു. പിന്നീട് ഇവർക്ക് രണ്ട് ആൺകുട്ടികൾ ജനിക്കുകയും ചെയ്തു, വില്യവും ഹാരിയും. എങ്കിലും അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ദമ്പതികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും, ഇരുവരും മറ്റ് വിവാഹേതര ബന്ധങ്ങളിലേക്ക് കടന്നതിനെ തുടർന്ന് ആ ബന്ധം വഷളാകുകയും ചെയ്തു. 1996-ൽ ഇരുവരും നിയമപരമായി വിവാഹ മോചനം നേടി. അതിൻ്റെ അടുത്ത വർഷം 1997-ൽ ഡയാന പാരീസിൽ വച്ച് ഒരു കാറപകടത്തിൽ കൊല്ലപ്പെടുകയും ചെയ്തു. വെസ് മിനിസ്റ്റർ ആബിയിൽ നടന്ന ഡയാനയുടെ സംസ്കാര ചടങ്ങുകൾ കണ്ടത് 34 മില്യൺ ആളുകളാണ്, അത്രത്തോളം ഡയാന ജനഹൃദയങ്ങളിൽ ഇടം നേടിയിരുന്നു. വിവാഹ മോചനവും ഡയാനയുടെ മരണവുമെല്ലാം ചാൾസ് മൂന്നാമൻ്റെ പ്രതിഛായയ്ക്ക് വലിയ രീതിയിലുള്ള കോട്ടം തട്ടാൻ ഇടയാക്കി. അതിനു ശേഷം 2005-ൽ ചാൾസ് മൂന്നാമൻ മുൻ കാമുകിയായിരുന്ന കാമില പാർക്കർ ബൗൾസിനെ ജീവിത പങ്കാളിയാക്കി. 2022 സെപ്തംബർ മാസം എട്ടാം തിയതി എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് കിരീടവകാശിയായിരുന്ന ചാൾസ് രാജകുമാരൻ ചാൾസ് മൂന്നാമനായി സ്ഥാനാരോഹണം ചെയ്യപ്പെട്ടത്. യുണൈറ്റഡ് കിംഗ്ഡത്തിൻ്റെയും മറ്റ് പതിനാല് കോമൺവെൽത്ത് രാജ്യങ്ങളുടെയും ചക്രവർത്തിയാണ് ചാൾസ് മൂന്നാമൻ.
നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതുണ്ട് ചാൾസ് മൂന്നാമന് അതിൽ സ്വന്തം കുടുംബ പ്രശ്നങ്ങൾ മുതൽ ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യവും ലോക പരിസ്ഥിതി പ്രശ്നങ്ങളും, എല്ലാം അടങ്ങും. എങ്കിലും കിംഗ് ചാള്‍സ് മൂന്നാമന്‍ എന്ന സ്ഥാനപ്പേരോടെ കിരീടാരോഹണം ചെയ്യപ്പെടുന്ന ചാള്‍സ് രാജാവിന് എഴുപത് വർഷക്കാലത്തെ ഭരണം കൊണ്ട് ജനഹൃദയങ്ങളിൽ ഇടം കണ്ടത്തിയ അമ്മ എലിസബത്ത് രാജ്ഞിയുടെ ജനപ്രീതി ലഭിക്കുമോ എന്നത് ഏറെ പ്രസക്തമായ ഒരു ചോദ്യമായി തന്നെ നിലനിൽക്കുകയാണ്