മെട്രോയ്ക്കുള്ളിൽ ഭക്ഷണം കഴിക്കുന്നത് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ നിയന്ത്രണങ്ങൾക്ക് വിരുദ്ധമാണെങ്കിലും, ഈ ലംഘനത്തിന് ഒരു യാത്രക്കാരനും മുമ്പ് പിഴ ഈടാക്കിയിരുന്നില്ല. എന്നാൽ, S. Lalitha എന്നയാളുടെ ട്വിറ്റര്‍ (X) അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോ വൈറലായതോടെ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ആദ്യമായി നടപടിയെടുക്കാൻ തീരുമാനിക്കുകയും 500 രൂപ പിഴ ചുമത്തുകയും ചെയ്തു.
ജയനഗറിലെ ഒരു പ്രമുഖ ജ്വല്ലറിയിൽ ജോലി ചെയ്യുന്ന സുനിൽ കുമാർ എന്നയാളാണ് മൊട്രോ കോച്ചിനുള്ളില്‍ വച്ച് ഭക്ഷണം കഴിച്ചത്. ജോലി സ്ഥലത്തേക്ക് പോകാനും വരാനും ഇയാൾ സ്ഥിരമായി ആശ്രയിക്കുന്നത് മെട്രോയെയാണ്. യാത്രക്കാരൻ തന്നെയാണ് മെട്രോയ്ക്കുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വീഡിയോ പകർത്തിയത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ കുമാറിനും കൂട്ടാളികൾക്കുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് അല്പം പണിപ്പെട്ടാണ് ഇയാളെ തിരിച്ചറിയാനും കണ്ടെത്താനും അധികൃതർക്ക് കഴിഞ്ഞത്.
രാവിലെ 9.30 ഓടെ ജയനഗർ മെട്രോ സ്‌റ്റേഷനിൽ ഇറങ്ങിയപ്പോൾ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ജയനഗർ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോകുകയും ചെയ്തു. തുടർന്ന് ഇയാൾക്കെതിരെ നിയമ ലംഘനത്തിന് കുറ്റം ചുമത്തുകയും 500 രൂപ പിഴയും ഈടാക്കി. പിഴ കൂടാതെ, ഭാവിയിൽ ഇത്തരം പെരുമാറ്റങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് പൊലീസ് ഇയാളെ വിട്ടയച്ചത്.