Share this Article
സിബിഐ അന്വേഷണം വേണം, ഡോ. വന്ദനദാസിന്റെ മാതാപിതാക്കൾ ഹൈക്കോടതിയിൽ
വെബ് ടീം
posted on 01-07-2023
1 min read
Parents of Dr.Vandhana demands cbi enquiry

കൊല്ലം: കൊട്ടാരക്കരയില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം  ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും സുതാര്യമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും പൊലീസിന്റെയും വിശദീകരണം തേടിയിട്ടുണ്ട്.

ആശുപത്രിയിൽ വെച്ച് കുത്തേറ്റ ശേഷം വന്ദനാദാസ് നടന്നു തന്നെയാണ് ആംബുലൻസിലേക്ക് പോയത്. അതിന് ശേഷം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴും ആരോഗ്യപ്രശ്നം ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ സമയം വൈകിയോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് കുടുംബം ഉന്നയിക്കുന്ന പ്രധാന ആരോപണം. സംഭവസമയത്തും സ്ഥലത്തും പോലീസുകാർ, ഡോക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ വന്ദനാദാസിനടുത്ത് ഉണ്ടായിരുന്നു. എന്നാൽ ഇവർ എന്തുകൊണ്ടാണ് വന്ദനാദാസിനെ സംരക്ഷിക്കാൻ  മുൻകൈ എടുത്തില്ല, തുടങ്ങിയ സംശയങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. പോലീസുകാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്താൻ സാധിക്കില്ലെന്നാണ് കുടുംബം കരുതുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി സർക്കാരിനോടും പോലീസിനോടും വിശദീകരണം ചോദിച്ചിട്ടുണ്ട്.  ഇതിൻ്റെ മറുപടി കിട്ടിയിട്ടാകും സിബിഐ അന്വേഷണത്തിൻ്റെ കാര്യത്തിൽ കോടതി തീരുമാനമെടുക്കുക.

മെയ് പത്തിന് പുലര്‍ച്ചെ വൈദ്യപരിശോധനയ്ക്കിടെയാണ് ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ടത്. വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. ഈ സംഭവത്തില്‍ പൊലീസിന് വലിയ വീഴ്ച സംഭവിച്ചതായി ആരോപണം തുടക്കം മുതലേ ഉയര്‍ന്നിരുന്നു. ആ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

നിലവില്‍ ഈ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്.പൊലീസിന് വീഴ്ച പറ്റിയ കേസ്  ക്രൈംബ്രാഞ്ച് അന്വേഷിക്കുമ്പോള്‍ അത് തൃപ്തികരമാകില്ലെന്നാണ് മാതാപിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. കേസില്‍ വിശദമായ അന്വേഷണം വേണമെന്നും സിബിഐക്ക് വിടണമെന്നും ഹര്‍ജിയില്‍ പറയുന്നു. മാതാപിതാക്കളുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും പൊലീസിന്റെയും വിശദീകരണം തേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories