Share this Article
എന്നും ബ്ലീഡിങ്ങായി ഞാന്‍ ഓപ്പറേഷന്‍ ചെയ്തു;'പല ദിവസവും ചോര തുപ്പി കിടന്നിട്ടുണ്ട്, മകള്‍ക്കുവേണ്ടിയാണ് വീട് വിട്ട് ഓടി രക്ഷപ്പെട്ടത്'; പൊട്ടിക്കരഞ്ഞ് അമൃത സുരേഷ്
വെബ് ടീം
posted on 27-09-2024
1 min read
amritha suresh

നടന്‍ ബാലയുടെ ആരോപണങ്ങളില്‍ മകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ഗായിക അമൃത സുരേഷ്. ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ പ്രതികരിച്ചതിനു പിന്നാലെ മകള്‍ അവന്തികയ്‌ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായതോടെയാണ് നീണ്ട വിഡിയോയുമായി അമൃത എത്തിയത്. വിവാഹം കഴിഞ്ഞ ദിവസം മുതല്‍ താന്‍ ക്രൂരമായ പീഡനമാണ് അനുഭവിച്ചത് എന്നാണ് അമൃത പറയുന്നത്.

പല ദിവസങ്ങളിലും ചോര തുപ്പി ഒരു മൂലയില്‍ കിടക്കുമായിരുന്നെന്നും എന്റെ മകള്‍ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് പേടിച്ചാണ് വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടത് എന്നും അമൃത പറയുന്നു. അന്ന് നേരിട്ട മര്‍ദനങ്ങള്‍ക്ക് താന്‍ ഇപ്പോഴും ചികിത്സയിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ആദ്യ വിവാഹത്തിന്റെ വിവരം മറച്ചുവെച്ച് തന്നെയും കുടുംബത്തേയും പറ്റിച്ചാണ് ബാല വിവാഹം കഴിച്ചതെന്നും അമൃത പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അമൃത വിഡിയോയില്‍ സംസാരിച്ചത്.

അമൃതയുടെ പ്രതികരണം:

14 വര്‍ഷമായി ഞാന്‍ മിണ്ടാതിരുന്നതാണ്. എന്റെ നിശബ്ദത എന്നെ വെറുക്കാനുള്ള കാരണമായിട്ടുണ്ട്. പാപ്പുവിന്റെ പേരില്‍ ഒരു വ്യാജ വാര്‍ത്ത ബാല ചേട്ടന്‍ വന്നപ്പോള്‍ മാത്രമാണ് ഞാന്‍ മുന്‍പ് സംസാരിച്ചിട്ടുള്ളത്. നിങ്ങള്‍ എന്നെ അത്രത്തോളം വെറുക്കുന്നു എന്ന് എനിക്കറിയാം. ഞാന്‍ അത് മാറ്റാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. അത്ര നന്നായി സംസാരിച്ച് നിങ്ങളെ ഇംപ്രസ് ചെയ്യാനൊന്നും എനിക്കറിയില്ല. എന്റെ പാപ്പുവിലേക്കും കൂടി അത് എത്തിനില്‍ക്കുകയായിരുന്നു. നമുക്ക് എന്തെങ്കിലും സന്തോഷം വന്ന് കഴിഞ്ഞാല്‍ അടുത്ത ദിവസം ഇന്റര്‍വ്യൂ വരും. മമ്മി എന്താണ് മിണ്ടാതിരിക്കുന്നത് എന്ന് പാപ്പു ചോദിക്കാറുണ്ട്. എനിക്കൊരു വിഡിയോ എടുക്കണം മമ്മി, ഞാന്‍ പറഞ്ഞാല്‍ അവര്‍ വിശ്വസിക്കും എന്ന് പറഞ്ഞാണ് പാപ്പു വിഡിയോ എടുക്കുന്നത്. അത് ഇട്ട് കഴിഞ്ഞതിനു ശേഷം പാപ്പുവിനെ സൈബര്‍ ബുള്ളീയിങ്ങിലേക്ക് ഇട്ട് കൊടുക്കുന്ന തരത്തിലുള്ള ഒരു ഇമോഷണല്‍ വിഡിയോ വന്നു. പാപ്പുവിനെ എന്തൊക്കെ വൃത്തികേടാണ് എന്റെ മകളെക്കുറിച്ച് എഴുതിയിടുന്നത്.

ചെറുപ്പകാലത്ത് നിങ്ങളുടെ ജീവിതത്തിലുണ്ടായ ഷോക്കിങ് അനുഭവങ്ങളൊന്നും നിങ്ങള്‍ക്ക് ഓര്‍മയില്ലേ. അവള്‍ കുട്ടിയായിരുന്ന സമയത്ത് എന്റെ വീട്ടിലെ ജോലിക്കാരാണ് ആ കുഞ്ഞിനെ ഒന്നും സംഭവിക്കാതെ രക്ഷിച്ചിരുന്നത്. സ്‌കൂളിലും പൊതു പരിപാടിക്കൊക്കെ പോകുമ്പോള്‍ അച്ഛന്റെ കൂടെ പൊക്കൂടെ എന്നൊക്കെ ഓരോരുത്തരും പറയും. ഒരു ദിവസം സ്‌കൂളില്‍ നിന്ന് കരഞ്ഞാണ് അവള്‍ വന്നത്. സ്‌കൂള്‍ ബസ്സില്‍ വച്ച് ഏതോ കുഞ്ഞ് നിന്റെ അച്ഛന്‍ പറഞ്ഞല്ലോ നിന്റെ അമ്മ വൃത്തികെട്ടവളാണെന്ന് അത് സത്യമാണോ എന്ന് ചോദിച്ചതിന്.


18 വയസില്‍ ഞാന്‍ ഭയങ്കരമായി സ്‌നേഹിച്ചു അയാളെ തന്നെ കല്യാണം കഴിച്ചു. പല ദിവസവും ചോരതുപ്പി അവിടെ കിടന്ന സമയത്ത് എനിക്ക് ആരോടും പറയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അച്ഛനും അമ്മയും അത്രയും എതിര്‍ത്ത കല്യാണമായിരുന്നു. എന്നെയും കുടുംബത്തേയും പറ്റിച്ചായിരുന്നു കല്യാണം. വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണ് ഞാന്‍ അറിയുന്നത് ബാല ചേട്ടന്‍ നേരത്തെ വിവാഹം കഴിച്ചിട്ടുണ്ടെന്ന്. ഇത് വേണ്ടെന്ന് അച്ഛനും അമ്മയും പറഞ്ഞത്. പക്ഷേ എനിക്ക് അത്ര ഇഷ്ടമായിരുന്നു ബാല ചേട്ടനെ. ആദ്യ ദിവസം മുതല്‍ ഞാന്‍ പീഡനം അനുഭവിച്ചു. ഒരു പോയിന്റെ കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി ഈ ചോര തുപ്പി കിടക്കുന്നത് ഞാന്‍ മാത്രമാവില്ല എന്റെ കുഞ്ഞും ഉണ്ടാകുമെന്ന്. അങ്ങനെയാണ് കിട്ടിയസാധനങ്ങളെല്ലാം എടുത്ത് ആ വീട് വിട്ട് ഞാന്‍ ഓടുന്നത്. എന്റെ സ്വര്‍ണം എന്റെ വണ്ടി ഒന്നും ഞാന്‍ എടുത്തിട്ടില്ല. എളമക്കരയിലെ വീട് വിറ്റാണ് എന്റെ മാതാപിതാക്കള്‍ സ്വര്‍ണം വാങ്ങിയത്. അത് വരെ ഞാന്‍ വേണ്ടെന്നു വച്ചു. എന്റെ ജീവിതവും എന്റെ മകളുടെ ജീവിതവും പോയി. എന്റെ പഠിത്തം പോലും വേണ്ടെന്നുവച്ചു.

ഞാന്‍ കോമ്പന്‍സേഷന്‍ ചോദിച്ചിരുന്നു. കോടതിയില്‍ നിന്ന് കൊച്ചിനെ വലിച്ചിഴച്ച് കൊണ്ടുപോയതിനു ശേഷം മകള്‍ വല്ലാത്ത മാനസിക സംഘര്‍ഷത്തിലായി. എന്നെ ഡാഡി വന്ന് പിടിച്ചുകൊണ്ടുപോകുമോ എന്ന് പേടിച്ച് സ്‌കൂളില്‍ പോലും പോയില്ല. അപ്പോഴാണ് ഞാന്‍ കേസില്‍ നിന്ന് പിന്‍മാറുന്നത്. പൈസയും കുട്ടിയേും തരില്ലെന്ന ക്ലോസിലാണ് വിവാഹബന്ധം വേര്‍പെടുത്തിയത്. കുട്ടിയുടെ കല്യാണത്തിന് പോലും പൈസ തരില്ലെന്ന് അതില്‍ എഴുതിയിട്ടുണ്ട്. അച്ഛന്‍ പോയി നാല് പെണ്ണുങ്ങള്‍ ഒറ്റക്ക് ജീവിക്കാന്‍ തുടങ്ങിയിട്ടും നിങ്ങള്‍ ആരും കൂടെ നിന്നില്ല. ഒരാള് കള്ളുകുടിച്ച് ലിവര്‍ പോയതിന് മലയാളികള്‍ എല്ലാം പ്രാര്‍ത്ഥിച്ചു. അടിയും തൊഴിയും കൊണ്ട് എന്റെ ശരീരത്തിലുണ്ടായ പാടുകള്‍ മാറാന്‍ ഞാന്‍ ഇപ്പോഴും ചികിത്സ ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നും ബ്ലീഡിങ്ങായി ഞാന്‍ ഓപ്പറേഷന്‍ ചെയ്തു. ഇപ്പോള്‍ നെഞ്ചുവേദനയ്ക്ക് ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ പറയുന്ന കോടികളുണ്ടെങ്കില്‍ വീട് വെക്കാന്‍ ഞാന്‍ ഇത്ര കഷ്ടപ്പെടില്ലായിരുന്നു.

14 വര്‍ഷത്തിനു ശേഷം വീണ്ടും ഞാനൊരു ബന്ധത്തിലേക്ക് വന്നു എന്നതിന് എന്തൊക്കെ ചീത്തയാണ് കേള്‍ക്കുന്നത്. എനിക്ക് സ്‌നേഹം കിട്ടുന്നതായി തോന്നി. ഇത്ര വിഷമിച്ച ഒരു ബന്ധത്തിനു ശേഷം മറ്റൊരു ബന്ധത്തിലേക്ക് വരുമ്പോള്‍ അത് മോശമായി പോകല്ലേ എന്നല്ലേ എല്ലാവരും ആഗ്രഹിക്കുകയുള്ളൂ. നന്നായി വരണെ എന്ന് ഞാന്‍ ആഗ്രഹിച്ചു. അവിടെയും ഒരാളെ വിവാഹം ചെയ്തിരുന്നു. എന്നിട്ട് ഞാന്‍ ഏതെങ്കിലും അഭിമുഖത്തില്‍ വന്ന് അയാളെ ചീത്തപറയുകയോ കളിയാക്കുകയോ ചെയ്‌തോ. അതുപോലെ ഒരു തീരുമാനമാണ് ഞാനും എടുത്തത്. അത് നല്ലരീതിയില്‍ മുന്നോട്ടുപോകുമെന്ന് ആഗ്രഹിച്ചു. ഒരു പോയിന്റ് എത്തിക്കഴിഞ്ഞപ്പോള്‍ അത് മുന്നോട്ടുപോകില്ലെന്ന് മനസിലായപ്പോള്‍ മ്യൂച്ചല്‍ റെസ്‌പെക്ടോടെ പിരിഞ്ഞത്. 14 വര്‍ഷത്തിനു ശേഷം എനിക്കൊരു ജീവിതം ഉണ്ടാകരുത് എന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. പാപ്പുവിന്റെ അച്ഛന്‍ എന്ന നിലയില്‍ എന്നും ഞാന്‍ ബാലു ചേട്ടനെ ബഹുമാനിച്ചട്ടെയുള്ളൂ. അദ്ദേഹത്തെ വേദനിപ്പിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.

അമൃത സുരേഷിന്റെ വീഡിയോ പ്രതികരണം ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories