സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ ജില്ലയിലെ ഉഷ്‌ണതരംഗ മുന്നറിയിപ്പിന് മാറ്റമില്ല. അതേസമയം, മലപ്പുറത്തും വയനാടും നാളെ വേനൽ മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് രണ്ടു ദിവസം കൂടി താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. പ്രധാനമായും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ചൂട് കൂടാനാണ് സാധ്യത. താപനില വർധിച്ച സാഹചര്യത്തിൽ ആലപ്പുഴയിൽ ഇന്നലെ പ്രഖ്യാപിച്ച ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരും.
സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ ചൂടിന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വേനൽ മഴ ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രം ലഭിക്കാനാണ് സാധ്യത. അതേസമയം, മലപ്പുറത്തും വയനാടും നാളെ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യത ഉണ്ട്. അതിനാൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഉഷ്‌ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.