Share this Article
കേരളവിഷന്‍ ബദല്‍ അവതരിപ്പിച്ച പ്രസ്ഥാനം; VISION SUCCESS ക്യാമ്പയിൻ മന്ത്രിമാരായ കെ.എൻ ബാലഗോപാലും പി രാജീവും ഉദ്‌ഘാടനം ചെയ്തു
വെബ് ടീം
posted on 26-07-2023
1 min read
VISION SUCCESS CAMPAIGN

തിരുവനന്തപുരം:കേരളവിഷന്‍ ബദല്‍ അവതരിപ്പിച്ച പ്രസ്ഥാനമെന്ന് മന്ത്രി പി.രാജീവ്. കോര്‍പ്പറേറ്റുകളെ വെല്ലുവിളിച്ചാണ് കേരളവിഷന്റെ മുന്നേറ്റം.2008 ലെ സമരം ഒരു ബദൽ കൊണ്ട് വന്നു. അതൊരു ക്രിയാത്മകമായ പ്രയോഗമാണ്.അന്ന് ഏത് കുത്തകയോട് ആണ് മത്സരിച്ചത് അവർക്ക് മുന്നിൽ  കേരളവിഷന്‍ ഇന്ന് ഒന്നാം സ്ഥാനത്ത്  വന്നുവെന്നും മന്ത്രി പി രാജീവ്  പറഞ്ഞു.VISION SUCCESS ക്യാമ്പയിന്റെ ഭാഗമായി കേരളവിഷന്റെ ടോപ് ടെൻ നേട്ടത്തിന്റെ ഔപചാരികമായ പ്രഖ്യാപനം ധനകാര്യവകുപ്പു മന്ത്രി കെ.എൻ ബാലഗോപാലും , നമ്പർ വൺ കേരള ക്യാമ്പയിൻ ഉദ്ഘാടനം വ്യവസായ വകുപ്പു മന്ത്രി പി രാജീവും നിർവഹിച്ചു.

സാങ്കേതിക വിദ്യയുടെ മാറ്റങ്ങളെ മനസിലാക്കി ആധുനികവൽക്കരിച്ചും വൈവിധ്യവൽക്കരിച്ചും   മുന്നേറാൻ കേരളവിഷന്കഴിഞ്ഞെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

സംസ്ഥാനത്തെ മൂന്നിലൊന്ന് വീട്ടിലും കേരളവിഷനുണ്ട്.ഒപ്റ്റിക്കൽ ഫൈബർ സംവിധാനങ്ങളെ സമർത്ഥമായി,ഫലപ്രദമായി ഉപയോഗിച്ച് കൊണ്ട് സർക്കാരിന്റെ ജനപക്ഷ കാഴ്ചപ്പാട് പ്രയോഗത്തിൽ വരുത്തുന്നത് കേരളവിഷനാണെന്നും  മന്ത്രി പി രാജീവ് പറഞ്ഞു.

രാജ്യത്തെ ടോപ് ടെൻ പട്ടികയിൽ എത്താൻ കേരളവിഷന്  കഴിഞ്ഞത് ലോകത്ത് തന്നെ വലിയ സ്ഥാനമുള്ള കുത്തകകളോട് മത്സരിച്ചാണെന്നു ധന മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.കടലിനടിയിൽ കൂടി കേബിൾ വലിക്കാൻ കഴിയുന്ന ലോകോത്തര കമ്പനികൾക്കൊപ്പം കേരളവിഷനും സ്ഥാനം നേടിയതിൽ അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. ചടങ്ങ് മന്ത്രി കെ എൻ ബാലഗോപാൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ടോപ് ടെൻ നേട്ടത്തിന്റെ  പ്രഖ്യാപനവും ധനമന്ത്രി നിർവഹിച്ചു. 

കേരളത്തിന്റെ വൈജ്ഞാനിക സമ്പദ്ഘടനയ്ക്ക് കേരളവിഷൻ ഓപ്പറേറ്റർമാർ നൽകിയ സംഭാവന നിസ്തുലമെന്ന്  ഐ ടി സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ ഐഎഎസ്.ഇന്റർനെറ്റ് ഒക്കെ വ്യാപകമാകുന്നതിന് മുമ്പ് വീടുകളിൽ വാർത്തകളും വിവരങ്ങളും എത്തിച്ചത് പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാരെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഡിജിറ്റൽ കേരള സ്കീമുകളുടെ ഉദ്‌ഘാടനം ഡോ. രത്തൻ ഖേൽക്കർ ഐഎഎസ് നിർവഹിച്ചു. കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പിവി ഉണ്ണികൃഷ്ണൻ,  ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർഡോ. സജി ഗോപിനാഥ് തുടങ്ങിയർ പരിപാടിയിൽ സംബന്ധിച്ചു. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ വി രാജൻ, മാനേജിംഗ് ഡയറക്ടർ സുരേഷ് കുമാർ പി പി  എന്നിവർ സംസാരിച്ചു. കേരളവിഷൻ ചെയർമാൻ കെ ഗോവിന്ദൻ സ്വാഗതമാശംസിച്ച ചടങ്ങിൽ  സിഒഎ സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ദിഖ് അധ്യക്ഷനായി.

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ രൂപം നൽകിയ കേരളവിഷൻ ഡിജിറ്റൽ ടിവി, കേരള വിഷൻ ബ്രോഡ്ബാന്റ് എന്നീ രണ്ടു സംരംഭങ്ങളും ഇന്ത്യയിൽ ഈ രംഗത്ത്  ഏറ്റവും കൂടുതൽ വരിക്കാരുള്ള 10 കമ്പനികളുടെ പട്ടികയിലാണ്  ഇടം പിടിച്ചത്. 10 ലക്ഷം വരിക്കാരുമായി രാജ്യത്തെ ടോപ് 10 ബ്രോഡ്ബാന്റ് സേവന ദാതാക്കളുടെ പട്ടികയിലേക്ക് കേരള വിഷൻ ബ്രോഡ്ബാന്റ് സർവ്വീസും 30 ലക്ഷം വരിക്കാരുള്ള കേരളവിഷൻ ഡിജിറ്റൽ കേബിൾ ടി വി ആറാം സ്ഥാനത്തും എത്തിയാണ് അഭിമാന നേട്ടം കൈവരിച്ചത്. ഗ്രാമീണ മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവയുടെ വിഭാഗത്തിലും കേരളവിഷൻ വളരെ മുന്നിലാണ്. കേരളത്തിൽ മാത്രം പ്രവർത്തിക്കുന്ന കേരളവിഷൻ കോർപറേറ്റ് കുത്തകകളുടെ  കടുത്ത മൽസരത്തെയും പ്രതികൂല ഘടകങ്ങളെയും അതിജീവിച്ചു കൊണ്ടാണ് രാജ്യം ശ്രദ്ധിക്കുന്ന നേട്ടങ്ങൾ കൈവരിച്ചത്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories