Share this Article
കെഎസ് യു കൂട്ടത്തല്ല്; സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍
വെബ് ടീം
posted on 27-05-2024
1 min read
clash-in-ksu-camp-suspension-of-four-people-including-the-state-general-secretary

തിരുവനന്തപുരം: കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ നാലു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍ എറണാകുളം ജില്ലാ സെക്രട്ടറി എയ്ഞ്ചലോ ജോര്‍ജ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിന്‍ ആര്യനാട്, ജില്ലാ വൈസ് പ്രസിന്റ് അല്‍ അമീന്‍ അഷറഫ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കെപിസിസി നിയോഗിച്ച മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെ സുധാകരന്റെ ഏറ്റവും അടുത്തയാളാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നതുള്‍പ്പടെയാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധുവിനും എഎം നസീര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പു ചുമതലയുള്ള എകെ ശശി എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെഎസ്യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് അടിയുണ്ടാക്കിയത്. സംഭവത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു.രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ക്യാമ്പിനിടെ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത് ഞായറാഴ്ച ക്യാമ്പ് അവസാനിക്കാനിരിക്കെയായിരുന്നു സംഘര്‍ഷം. ഇതേത്തുടര്‍ന്ന് ക്യാമ്പ് നിര്‍ത്തിവെക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories