സംഘടനാതലവനായി ഷെയ്ഖ് നയീം ഖാസിമിനെ പ്രഖ്യാപിച്ച ഹിസ്ബുള്ളയുടെ നീക്കത്തെ പരിഹസിച്ച് ഇസ്രയേല്‍. നയീം ഖാസിമിന്റെത് താല്‍ക്കാലിക നിയമനമാണെന്നും അധികകാലം നിലനില്‍ക്കില്ലെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. അതേസമയം ഷെയ്ഖ് നയീം ഖാസിമിന് കീഴില്‍ ഹിസ്ബുളളയുടെ ഭാവിയെന്താകുമെന്നുള്ളതും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്.
ഇസ്രയേല്‍ വലിയരീതിയില്‍ ഹിസ്ബുള്ളയ്ക്ക് നേരെ പരിഹാസശരങ്ങള്‍ എയ്യുമ്പോഴും ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് തന്നെയാണ് ഹിസ്ബുള്ളയുടെ നിലപാട്. ആഴ്ചകള്‍ക്ക് മുന്‍പാണ് ലെബനണിലെ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുന്‍മേധാവി ഹസ്സന്‍ നസ്സറുള്ള കൊല്ലപ്പെട്ടത്.
ഒരാഴ്ചയ്ക്ക് ശേഷം നസ്സറുള്ളയുടെ പിന്‍ഗാമിയായി ഹിസ്ബുള്ള അംഗീകരിച്ചിരുന്ന സഫിയുദ്ധീനും കൊല്ലപ്പെട്ടതോടെയാണ് ഹിസ്ബുള്ളയുടെ നിര്‍ണായകതീരുമാനം. 1991ല്‍ അന്നത്തെ ഹിസ്ബുള്ള മേധാവിയായിരുന്ന അബ്ബാസ് അല്‍ മുസ്സവിയാണ് ഹിസ്ബുള്ളയുടെ ഉപമേധാവിയായി ഷെയ്ഖ് നയീം ഖാസിമിനെ നിയമിച്ചത്.
1992ലാണ് ഇസ്രയേല്‍ ആക്രമണത്തില്‍ മുസ്സവി കൊല്ലപ്പെട്ടത്. പിന്നീട് ഹസ്സന്‍ നസ്സറുള്ള മേധാവിയായി ചുമതലയേറ്റപ്പോഴും ഹിസ്ബുള്ള ഉപമേധാവി എന്ന നിലയില്‍ ഹിസ്ബുള്ളയ്ക്ക് വേണ്ടി കരുക്കള്‍ നീക്കിയതും നയീം ഖാസിം തന്നെ. ഹിസ്ബുള്ളയുടെ ഔദ്യോഗിക വക്താവായി കണ്ക്കാക്കപ്പെടുന്ന നയീം ഖാസിം അവശ്യഘട്ടങ്ങളില്‍ സംഘടനയുടെ നിലപാട് വ്യക്തമാക്കുന്നതിനായി നിരവധി രാജ്യന്തര മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്.
നസ്സറുള്ളയുടെ വ്യക്തിപ്രഭാവം നയീം ഖാസിമിനില്ലെന്ന വാദങ്ങള്‍ ഉയരുമ്പോഴും ഹിസ്ബുള്ളയുടെ മര്‍മപ്രധാനമായ പലനീക്കങ്ങളുടെയും സൂത്രധാരന്‍ ഷെയ്ഖ് നയീം ഖാസിമാണെന്നുള്ളത് ഇസ്രയേലടക്കം ഹിസ്ബുള്ളയുമായി ശത്രുത പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്ക് ആശങ്ക ഉളവാക്കുന്ന വസ്തുതയാണ്.