മുംബൈ: മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി നവനീത് റാണയ്ക്ക് പരാജയം. കോണ്‍ഗ്രസിലെ ബല്‍ഭന്ത് വാങ്കഡെയോട് 19,731 വോട്ടുകള്‍ക്കാണ് റാണ തോറ്റത്. വാങ്കഡെ 526271 വോട്ടുകള്‍ നേടിയപ്പോള്‍ നവനീതിന് ലഭിച്ചത് 506540 വോട്ടുകളാണ്.
രണ്ടാംഘട്ടത്തില്‍ നടന്ന വോട്ടടുപ്പില്‍ ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ഇവര്‍ ബിജെപിയിലെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍സിപി-കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ചാണ് തെരഞ്ഞെടുക്കപ്പെട്ടത്. മോദിയുടെ വികസനനയങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്നായിരുന്നു പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെയുള്ള നവനീത് റാണയുടെ പ്രതികരണം.
2014ല്‍ എന്‍സിപി ടിക്കറ്റില്‍ അമരാവതിയില്‍ നിന്ന് മത്സരിച്ച നവനീത് റാണ ശിവസേനയുടെ ആനന്ദ്‌റാവു അദ്‌സുലിനോട് പരാജയപ്പെട്ടു. പിന്നീട് എന്‍സിപി വിട്ടു. 2019-ല്‍ എന്‍സിപിയുടേയും കോണ്‍ഗ്രസിന്റേയും പിന്തുണയോടെ മത്സരിച്ചാണ് അദ്സുലിനെ പരാജയപ്പെടുത്തി പാര്‍ലമെന്റിലെത്തിയത്.
മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി തെലുങ്ക്, തമിഴ് സിനിമകളിലും നവനീത് റാണ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ലവ് ഇന്‍ സിങ്കപ്പൂര്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരേങ്ങേറ്റം കുറിച്ചത്.
എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിക്കും സഹോദരൻ അക്ബറുദ്ദീൻ ഒവൈസിക്കുമെതിരെ നടത്തിയ '15 സെക്കൻഡ്' പരാമർശം വിവാദമായിരുന്നു. "ഞാൻ പ്രസ്‌താവനയിൽ ഉറച്ചുനിൽക്കുന്നു. ആരെയും ഭയപ്പെടുന്നില്ല. പാകിസ്ഥാനുവേണ്ടി പ്രവർത്തിക്കുന്നവർക്ക് ഇനിയും ഇതുപോലുളള മറുപടി നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്' - റാണ പ്രതികരിച്ചു.
'രാജ്യത്തെ ഹിന്ദു-മുസ്‌ലിം അനുപാതം സന്തുലിതമാക്കാൻ 15 മിനിറ്റ് സമയം മതി' എന്ന എഐഎംഐഎം നേതാവ് അക്ബറുദ്ദീൻ ഒവൈസിയുടെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പ്രസ്‌താവനയോട് നവനീത് ഈ തെരഞ്ഞെടുപ്പ് കാലത്ത് പ്രതികരിക്കുകയായിരുന്നു. 'പൊലീസിനെ നീക്കം ചെയ്യുകയോ പ്രവര്‍ത്തന രഹിതമാക്കുകയോ ചെയ്‌താൽ ഞങ്ങൾക്ക് 15 സെക്കൻഡ് മതിയാകും' എന്നാണ് റാണ പറഞ്ഞിരുന്നത്.