ജനീവ: സ്‌കൂളുകളിൽ സ്‌മാർട്ട്‌ഫോൺ നിരോധിക്കണമെന്ന് ഐക്യരാഷ്‌ട്ര സഭയുടെ വിദ്യാഭ്യാസ-ശാസ്‌ത്ര- സാംസ്‌കാരിക ഏജൻസിയായ യുനെസ്‌കോ. സ്‌മാർട്ട്‌ഫോൺ ഉപയോഗം കുട്ടികളുടെ മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കുകയും പഠനത്തിൽ അവരെ പിന്നോട്ടടിക്കുകയും ചെയ്യുന്നുവെന്ന് യുനെസ്‌കൊയുടെ 2023 ഗ്ലോബൽ എജ്യുക്കേഷൻ മോണിറ്റർ റിപ്പോർട്ടിൽ പറയുന്നു.
സ്‌കൂളുകളിൽ സ്‌മാർട്ട്‌ഫോൺ നിരോധനം ആഗോളതലത്തിൽ അടിയന്തരമായി പ്രാവർത്തികമാക്കണമെന്നാണ് യുനെസ്‌കൊ റിപ്പോർട്ടിൽ പറയുന്നത്. ക്ലാസ് മുറിയിൽ കുട്ടികളുടെ ശ്രദ്ധകേന്ദ്രീകരിക്കുക, പഠനം മെച്ചപ്പെടുത്തുക, സൈബർ അതിക്രമങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
നിർമിതബുദ്ധിയുടെ അതിപ്രസരം, മനുഷ്യകേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെ ഇല്ലായ്മ ചെയ്യരുതെന്നും കുട്ടികളുടെ വളർച്ചയിൽ അധ്യാപകരുടെ നേരിട്ടുള്ള ഇടപെടൽ അനിവാര്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. സർവകലാശാലകളിലുൾപ്പെടെ പഠനം പൂർണമായും ഓൺലൈനാകുന്നത് സാമൂഹിക അവബോധം കുറയ്ക്കുമെന്നും ക്ലാസ് റൂം വിദ്യാഭ്യാസത്തിന്റെ അന്തസത്ത ഇല്ലാതാക്കുമെന്നും യുനെസ്കോ പറഞ്ഞു.
കോവിഡ് കാലം കുട്ടികളെ സ്മാർട്ട്‌ഫോണിനോട് കൂടുതൽ അടുപ്പിച്ചു. അതിൽ നിന്ന് പുറത്തുവരേണ്ടതുണ്ടെന്ന് യുനെസ്‌കോ പറയുന്നു. ലോകത്തെ 200 രാജ്യങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായം വിലയിരുത്തിയാണ് റിപ്പോർട്ട്.