ന്യൂഡല്‍ഹി: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഒക്ടോബര്‍ ഒന്നില്‍നിന്ന് അഞ്ചിലേക്ക് മാറ്റി. വോട്ടെണ്ണല്‍ തീയതിയിലും മാറ്റമുണ്ട്. നേരത്തെ ഒക്ടോബര്‍ നാലിന് നിശ്ചയിച്ചിരുന്ന ജമ്മു കശ്മീര്‍- ഹരിയാണ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ എട്ടിലേക്കാണ് മാറ്റിയത്.
ബിഷ്‌ണോയ് സമുദായത്തിന്റെ പരമ്പരാഗത ആഘോഷം മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ദേശീയ- സംസ്ഥാന പാര്‍ട്ടികളില്‍നിന്നും അഖിലേന്ത്യാ ബിഷ്‌ണോയ് മഹാസഭയില്‍നിന്നും നിവേദനം ലഭിച്ചിരുന്നുവെന്നും കമ്മിഷന്‍ അറിയിച്ചിരുന്നു.മുന്‍വര്‍ഷങ്ങളില്‍ പോളിങ് തീയതികള്‍ നീട്ടിയതും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. 2022 പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുരുരവിദാസ് ജയന്തി, മണിപ്പുരില്‍ ക്രൈസ്തവരുടെ ഞായറാഴ്ച പ്രാര്‍ഥന എന്നിവ കണക്കിലെടുത്ത് തീയതി മാറ്റിയ സംഭവങ്ങളാണ് കമ്മിഷന്‍ ചൂണ്ടിക്കാട്ടിയത്.