Share this Article
മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് പത്ത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
വെബ് ടീം
posted on 23-10-2023
1 min read
yellow alert in 10 districts

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഇന്ന് പത്തുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതിനിടെ അറബിക്കടലില്‍ തേജ് അതിശക്തമായ ചുഴലിക്കാറ്റായി മാറിയതിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദമായി. തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് വൈകീട്ടോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചുഴലിക്കാറ്റായി മാറിയ ശേഷം പശ്ചിമബംഗാള്‍, ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. 

ബുധനാഴ്ചയോടെ ബംഗ്ലാദേശ് തീരത്ത് കര തൊടും. കര തൊടും മുമ്പ് ദുര്‍ബലമാകും. കേരള തീരത്ത് ചുഴലിക്കാറ്റ് നേരിട്ട് ബാധിച്ചേക്കില്ലെന്നാണ് നിഗമനം. ഒരേസമയം രണ്ടു ചുഴലിക്കാറ്റ് രൂപം കൊള്ളുന്നത് അപൂര്‍വ പ്രതിഭാസമാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories