ബംഗളൂരു:അടുത്ത വർഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്' എന്ന് പേരിട്ടു. ഇത് ഇംഗ്ലീഷില്‍ ചുരുക്കിയെഴുതിയാല്‍ 'ഇന്ത്യ' എന്നാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ബംഗളൂരു യോഗത്തിലാണ് പേര് തീരുമാനിച്ചത്. സഖ്യത്തിന്റെ അടുത്ത യോഗം മുംബൈയില്‍ നടക്കും. മുംബൈയില്‍ ചേരുന്ന മൂന്നാമത്തെ യോഗത്തില്‍ പതിനൊന്ന് അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും. ആരൊക്കെയാണ് സഖ്യത്തിന്റെ മുഖങ്ങള്‍ എന്ന് ഈ യോഗത്തില്‍ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് 'ഇന്ത്യയും നരേന്ദ്ര മോദിയും തമ്മിലുള്ള പോരാട്ടം ആയിരിക്കുമെന്ന്' രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലുണ്ടായ ചര്‍ച്ചകള്‍ ഫലപ്രദം ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎയ്ക്കും ബിജെപിക്കും ഇന്ത്യയെ വെല്ലുവിളിക്കാന്‍ സാധിക്കുമോയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചോദിച്ചു. 'ഞങ്ങള്‍ മാതൃരാജ്യത്തെ സ്‌നേഹിക്കുന്നു. ഞങ്ങളാണ് ശരിക്കുള്ള രാജ്യ സ്‌നേഹികള്‍. ഞങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി നിലകൊള്ളും'- മമത കൂട്ടിച്ചേര്‍ത്തു.
26 പാര്‍ട്ടികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. രാജ്യത്തിന്റെ പേര് കൂടി ചേര്‍ക്കാന്‍ കഴിയുന്ന പേര് വേണമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയാണ് ഈ പേര് നിര്‍ദേശിച്ചതെന്നാണ് സൂചന.
സഖ്യം എന്ന് അര്‍ത്ഥം വരുന്ന അലയന്‍സ് എന്ന പദം ഒഴിവാക്കി 'ഫ്രണ്ട്' (മുന്നണി) എന്ന് ചേര്‍ക്കണമെന്ന് ഇടത് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഭൂരിഭാഗം നേതാക്കളും നിലവില്‍ നിര്‍ദേശിച്ച പേര് മതിയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി മുന്നണിയുടെ അധ്യക്ഷയായേക്കും എന്നാണ് സൂചന.