ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ നടപടിയെടുത്ത് ഇന്ത്യന്‍ റെയില്‍വേ. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അര്‍ച്ചനാ ജോഷിയെ മാനേജര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു.
റെയില്‍വേ സേഫ്റ്റി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. ബാലസോര്‍ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റെയില്‍വേയുടെ നടപടി.
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ ജനറല്‍ മാനേജറായി അനില്‍ കുമാര്‍ മിശ്ര ചുമതല ഏല്‍ക്കും. അര്‍ച്ചന ജോഷിയെ കൂടാതെ ഈ മാസം 23 ന് അഞ്ച് ഉദ്യോഗസ്ഥരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. ഓപ്പറേഷന്‍സ്, സുരക്ഷ, സിഗ്നലിംഗ് എന്നീ ചുമതല വഹിക്കുന്നവരെയാണ് സ്ഥലം മാറ്റിയത്. എന്നാല്‍ പതിവ് രീതിയനുസരിച്ചാണ് സ്ഥലം മാറ്റിയെതെന്നാണ് റെയില്‍വെയുടെ വിശദീകരണം.
കൂടാതെ അന്വേഷണ സംഘം ബാഹനഗ ബസാര്‍ റെയില്‍വേ സ്റ്റേഷനിലെ റിലേ റൂം സീല്‍ ചെയ്യുകയും പാനലും മറ്റ് ഉപകരണങ്ങളും തെളിവായി ശേഖരിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ ഉല്‍പ്പെടെ ലോഗ് ബുക്കുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
ബെഹനഗ റെയില്‍വേ സ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററും സിഗ്നലിംഗ് ഓഫീസറും അടക്കമുള്ളവരെ സി ബി ഐ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്. അപകടത്തില്‍ 292 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 1100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.