വയനാട് വെണ്ണിയോട് യുവതി കുഞ്ഞുമായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ കീഴടങ്ങി. ആത്മഹത്യ ചെയ്ത ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശും മാതാപിതാക്കളുമാണ് കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
ദര്‍ശനയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഓം പ്രകാശിനും മാതാപിതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. ഭര്‍ത്താവും കുടുംബവും മുന്‍കൂര്‍ ജാമ്യം തേടിയിരുന്നെങ്കിലും ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. കഴിഞ്ഞ മാസം 13നാണ് കണിയാമ്പറ്റ സ്വദേശി ദര്‍ശന അഞ്ചുവയസുകാരിയായ മകള്‍ ദക്ഷയുമായി പുഴയില്‍ ചാടി ജീവനൊടുക്കിയത്.
നിരന്തരമായി ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദര്‍ശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. മുമ്പ് രണ്ട് തവണ മകളെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. നാല് മാസം ഗര്‍ഭിണിയായിരിക്കെ വീണ്ടും അതിന് നിര്‍ബന്ധിച്ചതോടെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് ദര്‍ശനയുടെ അമ്മ വിശാലാക്ഷി പറയുന്നത്. സര്‍ക്കാര്‍ ജോലിയെന്ന മോഹം വീട്ടുവരാന്തയിലെത്തിയപ്പോഴാണ് ദര്‍ശന ജീവനൊടുക്കുന്നത്. വിഷം കഴിച്ച ശേഷമാണ് യുവതി കുഞ്ഞുമായി പുഴയില്‍ ചാടിയത്.