കമ്പം: അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി പോൾരാജ് ആണ് മരിച്ചത്. കമ്പം ടൗണിൽ അരിക്കൊമ്പൻ തകർത്ത ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ആളാണ് പോൾരാജ്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് പോള്‍ രാജ് മരിച്ചത്.
27ന് അരിക്കൊമ്പൻ കമ്പം ടൗണിലൂടെ വിരണ്ടു ഓടുകയും വാഹനങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇതിനിടെ കുത്തിമറിച്ച ഓട്ടോറിക്ഷയിൽ ഇരുന്നയാളാണ് പോൾ രാജ്. കമ്പത്തെ ഒരു സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ഗാർഡായിരുന്നു. തമിഴ്നാട് വനംമന്ത്രിയും ഗ്രാമവികസന മന്ത്രിയും പോൾരാജിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
തലയ്ക്കു പുറമേ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിരുന്നുവെന്നാണ് സൂചന. എല്ലുകൾ ഒടിഞ്ഞുപോയിരുന്നു. ആന്തരിക രക്തസ്രാവമുണ്ടായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.അതേസമയം, അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യവുമായി തമിഴ്നാട് മുന്നോട്ടുപോവുകയാണ്. ആനയുടെ ആക്രമണത്തിൽ ഒരു ജീവൻ നഷ്ടപ്പെട്ടെന്ന വാർത്തയുടെ ഭീതിയിലാണ് തേനി ജില്ലയിലെ ജനങ്ങൾ.