മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. സംഘര്‍ഷത്തില്‍ ചുരാന്ദ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട യുവാവ് കൊല്ലപ്പെട്ടു. കാമന്‍ലോക്കില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുന്നിടെയാണ് വീണ്ടും മണിപ്പൂരില്‍ സംഘര്‍ഷം. ചുരാന്ദ്പൂരില്‍ ഉണ്ടായ വെടിവെയ്പ്പില്‍ 22 വയസ്സുള്ള കുക്കി വിഭാഗക്കാരനായ യുവാവാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്തത് മെയ്തികളാണന്നാണ് ഉയരുന്ന ആരോപണം.
പ്രദേശത്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കരസേനയും അസം റൈഫിള്‍സും ക്യാംപ് ചെയ്യുകയാണ്. സമാധന ശ്രമങ്ങളുടെ ഭാഗമായി ചുരാചന്ദ്പുരില്‍ മണിപ്പൂര്‍ ഗവര്‍ണര്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് വീണ്ടും അക്രമണം. കാമന്‍ലോക്കില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പ്പില്‍ നാലുപേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഒരു മാസക്കാലത്തിലേറയായി തുടരുന്ന സംഘര്‍ഷം പ്രധാനമായും മെയ്തേയ്-കുക്കി വിഭാഗങ്ങള്‍ തമ്മിലാണ്.
മെയ്തേയ് വിഭാഗത്തിന്റെ പട്ടിക വര്‍ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മണിപ്പൂരില്‍ കലാപത്തില്‍ കലാശിച്ചത്. ഗോത്രത്തിന്റെ സാമൂഹിക പിന്നോക്കാവസ്ഥ പരിഗണിച്ച് പട്ടിക വര്‍ഗ്ഗ പദവി വേണമെന്നത് മെയ്തേയ് വിഭാഗക്കാര്‍ ദീര്‍ഘനാളായി ഉയര്‍ത്തുന്ന വിഷയമായിരുന്നു.
ഈ ആവശ്യത്തെ മണിപ്പൂര്‍ ഹൈക്കോടതി പിന്തുണയ്ക്കുകയും ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് മണിപ്പൂരില്‍ സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ മാറിയതിന് പിന്നാലെ സംസ്ഥാനത്ത് കൂടുതല്‍ സൈന്യത്തെയും ദ്രുതകര്‍മ്മ സേനയെയും വിന്യസിച്ചിട്ടുണ്ട്.