Share this Article
image
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരെ ഡിജിപിക്ക് പരാതി
വെബ് ടീം
3 hours 7 Minutes Ago
1 min read
N ARUN

തിരുവനന്തപുരം: മുനമ്പം വിഷയത്തിലെ വിദ്വേഷ പരാമര്‍ശത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനുമെതിരെ പരാതി. ഇരുവര്‍ക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ ഡിജിപിക്ക് പരാതി നല്‍കി.

സമൂഹത്തില്‍ മതത്തിന്റെ പേരില്‍ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. കേന്ദ്ര മന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോര്‍ഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പകര്‍ത്തിയെന്നും അതിന്റെ പേരില്‍ കലാപാഹ്വാനം നടത്തിയെന്നുമാണ് സുരേഷ് ഗോപിക്ക് എതിരായ പരാതി.

മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡിനെ കിരാതം എന്ന് സുരേഷ് ഗോപി വിശേഷിപ്പിച്ചിരുന്നു. കിരാതമായ ഈ സംവിധാനത്തിന്റെ തണ്ടെല്ല് ഒടിക്കും എന്നായിരുന്നു പരോക്ഷ വിമര്‍ശനം. ഈ പരാമര്‍ശം മതവിദ്വേഷമുണ്ടാക്കുന്നതും കലാപാഹ്വാനം നല്‍കുന്നതുമാണെന്നാണ് എഐവൈഎഫ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

വാവര് പള്ളിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍ കലാപാഹ്വാനം നടത്തിയെന്നും എഐവൈഎഫ് പരാതിയില്‍ പറയുന്നുണ്ട്. ഗോപാലകൃഷ്ണന്റെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്നും മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ പോന്നതെന്നുമാണ് പരാതിയില്‍ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories