പൂക്കോട് സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ, കാര്യക്ഷമമായ അന്വേഷണം പൊലീസ് നടത്തിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. ഇത്തരം ക്രൂരതകൾക്ക് യാതൊരു സംരക്ഷണവും സർക്കാർ നൽകില്ല. കുടുംബത്തിന്റെ ആവശ്യത്തിനൊപ്പം സർക്കാർ നിന്നുവെന്നും പിണറായി വിജയൻ വ്യക്തമാക്കി.
പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണം അത്യന്തം ദൗർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. റാഗിങ്ങിനെ തുടർന്നുണ്ടായ മരണത്തിൽ ശക്തമായ നടപടിയാണ് പൊലീസ് സ്വീകരിച്ചത്. കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട അന്ന് തന്നെ വിജ്ഞാപനമിറക്കിയെന്നും മുഖ്യമന്ത്രി.
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചു.ഒളിവിൽ പോയവൻ ഉൾപ്പെടെ ആരോപണ വിധേയരായ 20 വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്ത് ശക്തമായ നിയമ നടപടി പോലീസ് സ്വീകരിച്ചു. കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട അന്ന് തന്നെ വിജ്ഞാപനമിറക്കി. സിബിഐ അന്വേഷണം നടന്നുവരുന്നു. സുതാര്യവും കാര്യക്ഷമവുമായ അന്വേഷണ നടപടികളാണ് സർക്കാരും പൊലീസും സ്വീകരിച്ചതെന്ന് പിണറായി വിജയൻ വ്യക്തമാക്കി.
പ്രതികളെ സംരക്ഷിക്കാൻ സിബിഐ അന്വേഷണത്തിനുള്ള നടപടി സർക്കാർ വൈകിപ്പിച്ചെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. എന്നാൽ നടപടിക്രമം പൂർത്തിയാക്കാൻ ജാഗ്രതക്കുറവ് കാട്ടിയ ആഭ്യന്തരവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
റാഗിങ്ങിനും തുടർന്നുണ്ടാകുന്ന ക്രൂരതകൾക്കും യാതൊരു സംരക്ഷണവും സർക്കാർ നൽകില്ലെന്നും മുഖ്യമന്ത്രി.ഇത്തരം ക്രൂരത എവിടെ നടന്നാലും ആര് നടത്തിയാലും ഒരു സംരക്ഷണവും സർക്കാരോ ബന്ധപ്പെട്ട വകുപ്പോ നൽകില്ല.
ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നിർദ്ദേശം നൽകിയിട്ടുണ്ട്.ടി സിദ്ധിഖ് എംഎൽഎയാണ് വിഷയം സഭയിൽ ചോദ്യമായി ഉന്നയിച്ചത്. സമാന്തര നിയമവ്യവസ്ഥ എന്ന നടപടി കേരളത്തിലെ പല ക്യാമ്പസുകളിൽ നിലനിൽക്കുന്നുവെന്നും സിദ്ധിഖ് ആരോപിച്ചു.