Share this Article
എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു; പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ ധാരണ
വെബ് ടീം
posted on 09-05-2024
1 min read
Air India express strike withdrawn

കൊച്ചി: സമരം പിൻവലിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ തീരുമാനിച്ചു. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം പിൻവലിക്കാൻ തീരുമാനിച്ചത്. 25 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം പിൻവലിക്കാനും മാനേജ്മെന്റ് തീരുമാനിച്ചു.

അതിനിടെ, സമരമുഖത്തുള്ള 200 കാബിൻ ക്രൂ അംഗങ്ങൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിടൽ നോട്ടിസ് നൽകിയതായി അഭ്യൂഹമുണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗം പേരും മലയാളികളാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് സമരം പിൻവലിക്കാനുള്ള തീരുമാനം.ചൊവ്വാഴ്ച രാത്രിയോടെയാണ് അസുഖ ബാധിതരെന്ന പേരിൽ കാബിൻ ക്രൂ അംഗങ്ങൾ കൂട്ട അവധി എടുത്തത്. ഇതോടെ ബുധനാഴ്ച 90 സർവീസുകള്‍ മുടങ്ങുകയും ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിലാവുകയും ചെയ്തു. മിന്നൽ പണിമുടക്കിന് കാരണക്കാരായ ചില വ്യക്തികൾക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് അറിയിച്ചിരുന്നു. എയർ‍ ഇന്ത്യ ഇന്ന് നടത്തേണ്ടിയിരുന്നത് 285 സർവീസുകളാണ്. ഇതിൽ 85 സർവീസുകൾ റദ്ദാക്കി.

മുടങ്ങിയ 20 റൂട്ടുകളിൽ എയർ ഇന്ത്യ സര്‍വീസ് നടത്താനും ധാരണയായിരുന്നു. മൂന്നു മണിക്കൂറിൽ കൂടുതൽ വിമാനം വൈകിയിട്ടുണ്ടെങ്കിൽ യാത്രക്കാർക്ക് റീഫണ്ടിന് നൽകുകയോ പുതുക്കിയ തീയതിയിൽ യാത്ര ചെയ്യാനുള്ള സൗകര്യം നൽകുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചിരുന്നു.

കേരളത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആസ്ഥാനം. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപഗ്രൂപ്പാണ് എയർ ഇന്ത്യ എക്സ്പ്രസ്. ഇതിലെ സീനിയർ കാബിൻ ക്രൂ അംഗങ്ങളിൽ ഭൂരിഭാഗവും മലയാളികളാണ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories