മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും. അറസ്റ്റിലായി ഇന്നേക്ക് മൂന്ന് മാസം തികയാനിരിക്കെയാണ് ജാമ്യം ലഭിച്ചത്.
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും. അറസ്റ്റിലായി ഇന്നേക്ക് മൂന്ന് മാസം തികയാനിരിക്കെയായിരുന്നു കഴിഞ്ഞ ദിവസമാണ് അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചത്.
അവധിക്കാല ബെഞ്ചിലെ വിചാരണ കോടതി ജഡ്ജിയായ ന്യായ് ബിന്ദുവായിരുന്നു കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിലെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയും ജാമ്യത്തുകയായി 1 ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നും കോടതി നിര്‍ദേശിക്കുകയും ചെയ്തു.
കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ കടുത്ത എതിര്‍പ്പിനെ മറികടന്നായിരുന്നു ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യവും കോടതി തള്ളി.
നിയമപരമായ വഴികള്‍ കൂടി പരിശോധിക്കാന്‍ സമയം നല്‍കണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. മദ്യനയക്കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതിയാണ് ഗോവയില്‍ കെജ്രിവാളിന്റെ ഹോട്ടല്‍ ബില്ല് അടച്ചതെന്നും, ഇയാള്‍ വ്യവസായികളില്‍ നിന്നും വന്‍ തുക കൈപ്പറ്റിയെന്നും ഇഡി കോടതിയില്‍ ആരോപിച്ചിരുന്നു.
വിജയ് നായരാണ് കെജ്രിവാളിന്റെ നിര്‍ദേശപ്രകാരം അഴിമതി പണം കൈകാര്യം ചെയ്തതെന്നും ആംആദ്മി പാര്‍ട്ടിയാണ് തെറ്റ് ചെയ്തതെങ്കില്‍ ആ പാര്‍ട്ടിയുടെ തലവനും കുറ്റക്കാരനാണെന്നും ഇഡി കോടതിയില്‍ വാദിച്ചിരുന്നു. മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.
പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്.
ജാമ്യകാലാവധി അവസാനിച്ച് ജൂണ്‍ 2 ന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ചുക്കാന്‍ പിടിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം. 18 ദിവസത്തിന് ശേഷം കെജ്‌രിവാളിന് വീണ്ടും ജാമ്യം ലഭിച്ചിരിക്കുകയാണ്.