തുര്‍ക്കിയില്‍ പ്രസിഡന്റായി തയ്യിബ് എര്‍ദോഗാന്‍ അധികാരം നിലനിര്‍ത്തി. എര്‍ദോഗാന്‍ അമ്പത് ശതമാനത്തിലേറെ വോട്ട് നേടിയതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയത്തോടെ 2014 മുതലുള്ള തുര്‍ക്കി ഭരണം എര്‍ദോഗാന്‍ നിലനിര്‍ത്തി. 52.1 ശതമാനം വോട്ട് നേടിയാണ് എര്‍ദോഗാന്‍ അധികാരം നിലനിര്‍ത്തിയതെന്നാണ് തുര്‍ക്കി വാര്‍ത്താ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യഘട്ട വോട്ട് എണ്ണിയ മെയ് പതിനാലിന് 50 ശതമാനം വോട്ട് തികയ്ക്കാന്‍ എര്‍ദോഗാന് സാധിച്ചിരുന്നില്ല. എന്നാല്‍ 97 ശതമാനം ബാലറ്റുകളും എണ്ണിയതോടെ തുര്‍ക്കി വീണ്ടും എര്‍ദോഗാനെ തെരഞ്ഞെടുക്കുകയായിരുന്നു. എതിരാളിയായ കിലിക്ദറോഗ്ലുവിന് 44.88 ശതമാനം വോട്ടാണ് ലഭിച്ചത്. ഭൂകമ്പം ബാധിച്ച് ആകെയുലഞ്ഞ മേഖലകളിലും എര്‍ദോഗാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 2003 മുതല്‍ തുര്‍ക്കിയുടെ അധികാരകേന്ദ്രത്തില്‍ എര്‍ദോഗാനുണ്ട്. 2003 മുതല്‍ പ്രധാനമന്ത്രിയും 2014 മുതല്‍ പ്രസിഡന്റുമായിരുന്നു എര്‍ദോഗാന്‍. വിജയത്തുടര്‍ച്ചയോടെ തുര്‍ക്കി രാഷ്ട്രസ്ഥാപകന്‍ മുസ്തഫ കമാല്‍ അത്താതുര്‍ക്കിന്റെ 15 വര്‍ഷം നീണ്ട ഭരണമെന്ന റെക്കോര്‍ഡും എര്‍ദോഗാന്‍ മറികടന്നു. തുര്‍ക്കി ജനാധിപത്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന വര്‍ഷമെന്ന നിലയിലും ഈ തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. തനിക്ക് വോട്ട് ചെയ്ത് സമാധാനത്തിനും പുരോഗതിക്കും ഒപ്പം നിന്ന മുഴുവന്‍ ജനതയ്ക്കും നന്ദി അറിയിക്കുന്നതായി എര്‍ദോഗാന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുപോലെ നിര്‍ണായകമായിരുന്നു. പ്രതിപക്ഷത്തിന്റെ കെമാല്‍ കിലിക്ദറോഗ്ലുവിനായിരുന്നു കൂടുതല്‍ വിജയസാധ്യത പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലം വിപരീതമാവുകയായിരുന്നു. രാജ്യത്തെ ഒന്നിപ്പിക്കുമെന്ന വാഗ്ദാനവുമായാണ് എര്‍ദോഗന്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ നേരിട്ടത്. ഈ പ്രചാരണമെല്ലാം എര്‍ദോഗാനെ വിജയത്തിലെത്തിക്കുകയും ചെയ്തു.
എര്‍ദോഗന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദി ട്വീറ്റിലൂടെ അഭിനന്ദനം അറിയിച്ചു