നവംബര്‍ 5 ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരു സ്ഥാനാര്‍ത്ഥികളും ഒപ്പത്തിനൊപ്പമെന്ന് ഒപ്പീനിയന്‍ പോളുകളും അഭിപ്രായ സര്‍വേകളും.
ഒരു നിശ്ചിത രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍പ്പോലും ഇക്കുറി മത്സരം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരം അവസാന ലാപിലേക്കെത്തിയതോടെ ഈ സംസ്ഥാനങ്ങളില്‍ ഇരു സ്ഥാനാര്‍ത്ഥികളും പ്രചരണം ശക്തമാക്കിയിട്ടുണ്ട്.
സ്ഥിരമായി ഏതെങ്കിലും ഒരു പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന സംസ്ഥാനങ്ങളാണ് സുരക്ഷിത സംസ്ഥാനങ്ങള്‍. എന്നാല്‍ കാലങ്ങളായി, പ്രത്യേകിച്ച് ഏതെങ്കിലും ഒരു പാര്‍ട്ടിയോട് ചായിവ് പ്രകടിപ്പിക്കാത്ത സംസ്ഥാനങ്ങളാണ് സ്വിംഗ് സ്റ്റേറ്റുകള്‍ അഥവാ ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്നത്.
അമേരിക്കയില്‍ ആര് ഭരണത്തിലെത്തും എന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായകമാണ് ഈ സംസ്ഥാനങ്ങള്‍. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നേവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നിവയാണ് ഇത്തവണത്തെ ഭരണസാരഥിയെ തീരുമാനിക്കുക.
നോര്‍ത്ത് കരോലിനയിലും ജോര്‍ജിയയിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് മുന്നിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. നെവാഡയിലും വിസ്‌കോണ്‍സിനിലും കമലയ്ക്ക് അവസാന നിമിഷം നേരിയ മുന്‍തൂക്കം നേടാനായിട്ടുണ്ട്. അതേ സമയം അരിസോണയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് വ്യക്തമായ പിന്തുണ ഉണ്ട്.
മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങില്‍ ഇരുവര്‍ക്കും ഒരേ പിന്തുണയാണ് ഉള്ളത്. കുടിയേറ്റം, വിദേശനയം, തോക്ക് ലൈസന്‍സ് അടക്കമുള്ള ആയുധനിയമങ്ങള്‍, ഗര്‍ഭഛിദ്രാവകാശം, സാമ്പത്തിക നയങ്ങള്‍, യുദ്ധത്തിലെ നിലപാട് എന്നിവയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍.
ആരോഗ്യ രംഗത്തെ നികുതിയിളവും, ഗര്‍ഭഛിദ്രാവകാശവും ബജറ്റ് ഭവന പദ്ധതികളും ഉയര്‍ത്തിപ്പിടിച്ചാണ് കമല ഹാരിസിന്റെ പ്രചാരണം. കര്‍ശനമായ കുടിയേറ്റ നിയമങ്ങള്‍, നികുതി വെട്ടിക്കുറക്കുന്നതടക്കമുള്ള വാഗ്ദാനങ്ങളുമാണ് ട്രംപ് ആയുധമാക്കുന്നത്.
ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ അവസാന ദിവസങ്ങളില്‍ ശക്തമായ സ്വാധീനമുണ്ടാക്കാന്‍ ഏത് സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞു എന്നത് തെരഞ്ഞെടുപ്പിന്റെ വിധിയെത്തന്നെ തീരുമാനിക്കും.