മണിപ്പൂരില്‍ അതിക്രമത്തിനിരയായ സ്ത്രീകളുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍. മണിപ്പൂരില്‍ കൊടും ക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടികളുടെ കുടുംബങ്ങളെ താന്‍ കണ്ടു,അവരുടെ കണ്ണുനീര്‍ തന്നെ ഉറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് സന്ദര്‍ശനത്തിന് ശേഷം സ്വാതി ട്വിറ്ററില്‍ കുറിച്ചു.
കണ്ണീരോടെയല്ലാതെ തനിക്കാ സന്ദര്‍ശനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ലോകം മുഴുവന്‍ കണ്ട ഇന്ത്യയുടെ പെണ്‍മക്കളുടെ കണ്ണീര്‍ ഇന്ത്യയൊന്നാകെ പൊള്ളിക്കുമ്പോഴും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍കക്ക് എങ്ങനെ മൗനം പാലിക്കാനാകുന്നു ? മണിപ്പൂരില്‍ ആള്‍ക്കൂട്ട ബലാത്സംഗത്തിനിരയായ സ്ത്രീകളുടെ കുടുംബത്തെ സന്ദര്‍ശിച്ച സ്വാതി മലിവാളിന്റെ ചോദ്യമായിരുന്നു ഇത്. ആരാലും തിരിഞ്ഞു നോക്കാതെ കേള്‍ക്കാതെ ഇരുന്ന ഇരകളുടെ കുടുംബത്തെ തേടി സ്വാതി എല്ലാ വിലക്കുകളും മറികടന്നാണ് മണിപ്പൂരിലെത്തിയത്. ക്രൂരമായ അതിക്രമത്തിനിരയായ രണ്ടു പെണ്‍കുട്ടികളുടെ കുടുംബത്തെ ഞാന്‍ സന്ദര്‍ശിച്ചു. ഒരു പെണ്‍കുട്ടിയുടെ ഭര്‍ത്താവ് രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികനാണ്. അക്രമത്തിന് ശേഷം ഇന്നുവരെ ആരും അദ്ദേഹത്തെ കണ്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. ഞാനാണ് അദ്ദേഹത്തെ ആദ്യമായി സന്ദര്‍ശിച്ചത്. അതിക്രമത്തിനിരയായ മറ്റൊരു പെണ്‍കുട്ടിയുടെ അമ്മയെയും സന്ദര്‍ശിച്ചു. എനിക്ക് സുരക്ഷയില്ലാതെ ഇവിടെ എത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി ബിരേന്‍ സിങ്ങടക്കമുള്ളവര്‍ക്ക് ഇവിടെയെത്താന്‍ സാധിക്കുന്നില്ലെന്നായിരുന്നു സ്വാതിയുടെ പ്രതികരണം. ഇതിനൊപ്പം മണിപ്പുരിലെ യുവതികളെ ആശ്വസിപ്പിക്കുന്ന വിഡിയോയും സ്വാതി പങ്കുവച്ചു.
അക്രമത്തിനിരയായ യുവതികളുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മൊയ്‌റംഗിലെ ദുരിതാശ്വാസ ക്യാംപും സ്വാതി മാലിവാള്‍ സന്ദര്‍ശിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ക്യാംപുകളില്‍ വളരെ ബുദ്ധിമുട്ടിയാണ് കഴിയുന്നതെന്ന് സ്വാതി പറഞ്ഞു. ഇവിടെയുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ദുരവസ്ഥ കണക്കിലെടുത്ത് മണിപ്പുര്‍ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും നിവേദനം നല്‍കും. മണിപ്പുര്‍ മുഖ്യമന്ത്രി എത്രയും പെട്ടെന്നു തന്നെ ഇവരെ സന്ദര്‍ശിക്കണമെന്ന് അപേക്ഷിക്കുകയാണെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.