ലക്‌നൗ: കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചനിലയില്‍. കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ ലക്‌നൗവിലെ വീട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൗശല്‍ കിഷോറിന്റെ മകന്‍ വികാസ് കിഷോറിന്റെ അടുത്ത സുഹൃത്തായ വിനയ് ശ്രീവാസ്തവയാണ് മരിച്ചത്.
പുലര്‍ച്ചെ 4.15 ഓടേയാണ് സംഭവം. വെടിവയ്പ് നടന്ന സമയത്ത് തന്റെ മകന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് കൗശല്‍ കിഷോര്‍ പ്രതികരിച്ചു. സംഭവ സമയത്ത് തന്റെ മകന്‍ വികാസ് കിഷോര്‍ ഡല്‍ഹിയിലായിരുന്നു. ആരെല്ലാം വീട്ടില്‍ ഉണ്ടായിരുന്നു എന്ന കാര്യം അറിയില്ല. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്ത തോക്ക് തന്റെ മകന്റെ പേരിലുള്ളതാണ്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന തന്റെ മകന്റെ സുഹൃത്തുക്കളെയും മറ്റുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. തന്റെ മകന്റെ അടുത്ത സുഹൃത്താണ് മരിച്ച വിനയ്. വിനയിന്റെ മരണത്തില്‍ മകന്‍ വളരെ ദുഃഖിതനാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വികാസ് കിഷോറിന്റെ സുഹൃത്താണ് വിനയ് എന്ന് സഹോദരന്‍ വികാസ് ശ്രീവാസ്തവ സ്ഥിരീകരിച്ചു. സംഭവം നടക്കുന്ന സമയത്ത് കേന്ദ്രമന്ത്രിയുടെ വീട്ടില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്. എന്നാല്‍ വികാസ് കിഷോര്‍ അവിടെ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ തനിക്ക് വ്യക്തതയില്ലെന്നും വികാസ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു.