പുതിയ ഒടിടി പ്ലാറ്റ്‌ഫോമുമായി നാസ. നാസ പ്ലസ് എന്ന പേരിലാണ് പുതിയ സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത് . നാസയുടെ ഉള്ളടക്കങ്ങളടക്കം സ്ട്രീം ചെയ്യുന്ന ഈ പ്ലാറ്റ്‌ഫോം പൂര്‍ണ്ണമായും സൗജന്യമാണെന്ന് മാത്രമല്ല, സ്ട്രീമിങ്ങിനിടെ പരസ്യങ്ങളും ഉണ്ടാവില്ല
കഴിഞ്ഞ ജൂലായില്‍ തന്നെ പുതിയ സ്ട്രീമിങ് സേവനം അവതരിപ്പിക്കുന്ന വിവരം നാസ പുറത്തുവിട്ടിരുന്നു. വെബ് ബ്രൗസര്‍ വഴിയും നാസയുടെ ആപ്പ് ഉപയോഗിച്ചും സ്ട്രീമിങ് സേവനങ്ങള്‍ ആസ്വദിക്കാം. ബഹിരാകാശം, ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളാണ് നാസ പ്ലസില്‍ ഉണ്ടാവുക. നാസ പുറത്തിറക്കുന്ന ഒറിജിനല്‍ സീരീസുകളും അക്കൂട്ടത്തിലുണ്ടാവും.നാസയുടെ ബഹിരാകാശ ദൗത്യങ്ങളടക്കമുള്ള വിവിധ പരിപാടികളുടെ തത്സമയ സ്ട്രീമിങ്ങ് നാസ പ്ലസിലുണ്ടാകും. ബഹിരാകാശ വിഷയങ്ങളോടുള്ള താത്പര്യവും ശാസ്ത്രാഭിമുഖ്യവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്.
'മനുഷ്യരാശിയുടെ ചില മഹത്തായ കഥകള്‍ക്ക് പിന്നിലെ ഉത്തേജകമാണ് നാസ; ഇപ്പോള്‍, ഞങ്ങളുടെ പുതിയ ഡിജിറ്റല്‍ സാന്നിധ്യം വഴി എല്ലാവര്‍ക്കും ഈ കഥകളില്‍ ഞങ്ങളോടൊപ്പം പങ്കാളികളാകാന്‍ കഴിയും . എന്നാണ് നാസ പുതിയ പ്ലാറ്റ്‌ഫോമിന്റെ ലോഞ്ചിങ്ങ് വേളയില്‍ പറഞ്ഞത്. 21,000ലധികം ചിത്രങ്ങളുടെ ഒരു ആര്‍ക്കൈവ്, നാസ ടെലിവിഷന്‍, സൗരയൂഥ പര്യവേക്ഷണ ഫീച്ചര്‍, പ്രതിവാര പോഡ്കാസ്റ്റുകള്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണാനുള്ള അവസരങ്ങളും ട്രാക്കിംഗ്, മിഷന്‍ വിവരങ്ങള്‍ എന്നിവയുള്‍പ്പെടെ, സാധാരണ പൗരന്മാര്‍ക്ക് പരിധിയില്ലാത്ത നാസ ഉള്ളടക്കത്തിന്റെ സമ്പത്തിലേക്കുള്ള സൗജന്യടിക്കറ്റ് ആണ് നാസാ പ്ലസ്.ജെയിംസ് വെബ് ദൂരദര്‍ശിനിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ , കുട്ടികള്‍ക്കായി ഗ്രഹങ്ങള്‍ ,പ്രപഞ്ചം , തുടങ്ങിയവയെക്കുറിച്ചുള്ള ആനിമേറ്റഡ് പ്രോഗ്രാമുകളും നാസാ പ്ലസിലുണ്ട്. നിലവിലെ ദൗത്യങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍, ബിഹൈന്‍ഡ് ദ സീന്‍ വീഡിയോകള്‍, രസകരമായ ഇവന്റുകളുടെ ലൈവ് സ്ട്രീമുകള്‍ എന്നിവയ്ക്കു പുറമെ രസകരമായ ഡോക്യുമെന്ററികളും ഡോക്യു-സീരീസുകളും നാസാ പ്ലസിലുണ്ട്. നിസവില്‍ നാസ പ്ലസില്‍ സ്ട്രീം ചെയ്യാന്‍ 25 സീരീസുകളാണ് ലഭ്യമായിട്ടുള്ളത്.