തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ നാട് വിതുമ്പുമ്പോൾ വയനാടിനെ ചേർത്ത് നിർത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 8.38 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ദുരന്തം ഉണ്ടായ ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ടുവരെയുള്ള കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുകയുടെ കണക്കുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
ദുരന്തത്തിന് മുമ്പ് 275.04 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ എത്തിയത്. ദുരന്തത്തിന് ശേഷം രണ്ടുദിവസം കൊണ്ടാണ് 8.38 കോടി രൂപ ഇതിലേക്കെത്തിയത്. 2018 ലെയും 2019 ലെയും പ്രളയകാലത്ത് ആകെ 4970 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് വന്നത്. ഇതിൽ 4738 കോടിയും വിവിധ സഹായങ്ങൾക്കായി ചെലവഴിച്ചു. ഇതിന് പിന്നാലെ കോവിഡ് കാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് വന്നത് 1129.74 കോടിയാണ്. ഇതിൽ 1111.15 കോടിയാണ് വിവിധ സഹായങ്ങൾക്കായിവിനിയോഗിച്ചത്.
ഇതിന് ശേഷം ആകെയുണ്ടായിരുന്നത് 275.04 കോടി രൂപ ആയിരുന്നു. ദുരന്തമുണ്ടായതിന് പിന്നാലെ സിനിമാ താരങ്ങളും വ്യവസായ പ്രമുഖരുമുൾപ്പെടെ നിരവധി ആളുകളാണ് ദുരിത്വാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
നടൻമാരായ മോഹൻലാൽ, ടൊവിനോ, കമൽഹാസൻ എന്നിവർ 25 ലക്ഷം വീതമാണ് നൽകിയത്.
നടൻ മമ്മൂട്ടി, മകനും നടനുമായ ദുൽഖർ സൽമാൻ എന്നിവർ ചേർന്ന് 35 ലക്ഷം നൽകി.
നടൻ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും ചേർന്ന് 25 ലക്ഷം
തെന്നിന്ത്യൻ നടി രശ്മിക മന്ദാന 10 ലക്ഷം എന്നിങ്ങനെയാണ് നൽകിയിട്ടുള്ളത്.
ഇതിന് പുറമേ പേളി മാണിയും ശ്രീനിഷും ചേർന്ന് അഞ്ചുലക്ഷവും സംഭാവന ചെയ്തിട്ടുണ്ട്.
നടൻ ആസിഫ് അലിയും സംഭാവന നൽകിയിട്ടുണ്ട്.
കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കേരള (COA) ആദ്യ ഗഡുധനസഹായമായി 10ലക്ഷം രൂപ നൽകി
ബിവറെജസ് കോർപറേഷൻ ഒരു കോടി രൂപ
തമിഴ് നടൻ വിക്രം സംഭാവന നൽകിയത് 20 ലക്ഷം രൂപയാണ്.
തമിഴ് താരങ്ങളായ സൂര്യ, കാർത്തി, നടി ജ്യോതിക എന്നിവർ ചേർന്ന് 50 ലക്ഷം നൽകി.
നടി നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനും മക്കളായ ഉയിര്‍, ഉലക് എന്നിവരും ചേര്‍ന്ന് 20 ലക്ഷം സംഭാവന നല്‍കി.
തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ചു കോടി രൂപ തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ഇ.വി വേലു ഓഫീസിൽ എത്തി കൈമാറിയിരുന്നു. കെ.എം.എൽ. 50 ലക്ഷം, കാനറ ബാങ്ക് ഒരുകോടി, ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ് 10 ലക്ഷം, വനിത വികസന കോർപ്പറേഷൻ 30 ലക്ഷവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
ദുരന്തമുണ്ടായതിന് പിന്നാലെ വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി പോർട്ട്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാൺ ജ്വല്ലേഴ്‌സ് ഉടമ കല്യാണരാമൻ എന്നിവർ അഞ്ചുകോടി വീതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള ആര്‍ദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് ഒരുലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. സിപിഐഎം 25 ലക്ഷം നല്‍കിയെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അറിയിച്ചത്. കൂടാതെ, എല്ലാ പാര്‍ട്ടി ഘടകങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.