Share this Article
മുഖ്യമന്ത്രിക്കൊപ്പം മോഹന്‍ലാലിന്റെ സെല്‍ഫി; ഫ്രെയിമില്‍ കമല്‍ഹാസനും മമ്മൂട്ടിയും ശോഭനയും; ഞാന്‍ കേരളത്തെ കുറിച്ച് പറയുന്നത് ലോകം മുഴുവന്‍ കേള്‍ക്കണം;ഇംഗ്ലീഷില്‍ സംസാരിച്ച് കമല്‍ഹാസന്‍
വെബ് ടീം
posted on 31-10-2023
1 min read
SELFI OF MOHANLAL WITH CM PINARAYI KAMALAHASAN, MAMMUTTY,SHOBHANA

തിരുവനന്തപുരം: കേരളീയം 2023ന് ആശംസകള്‍ നേര്‍ന്ന് നടന്‍ കമലഹാസനും മമ്മുട്ടിയും മോഹന്‍ലാലും.ജനകീയ പങ്കാളിത്തം ഉള്ള കേരള മോഡല്‍ മികച്ചതാണെന്ന്  പറഞ്ഞ കമല്‍ഹാസന്‍, ഇന്ന് ഈ വേദിയില്‍ താന്‍ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത് എന്ന ആമുഖത്തോടെയാണ് പ്രസംഗം ആരംഭിച്ചത്. താന്‍ പറയുന്നത് രാജ്യം മുഴുവന്‍ കേള്‍ക്കണം, അതു വഴി അവര്‍ കേരളത്തെ മനസിലാക്കട്ടെയെന്ന് കമല്‍ പറഞ്ഞു. 

കേരളം എന്റ ജീവിത യാത്രയിലെ പ്രധാന സ്ഥലമാണ്. എന്റെ കലാ ജീവിതത്തെ എന്നും പ്രോത്സാഹിപ്പിച്ച ജനതയാണ് കേരളത്തിലുള്ളത്. എന്നും കേരളത്തില്‍ താന്‍ വരുന്നത് പുതുതായി എന്തെങ്കിലും പഠിക്കാനോ, അതില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളാനോ ആണ്. തന്റെ എട്ടാം വയസിലാണ് ആദ്യമായി ഒരു മലയാള ചിത്രം ചെയ്യുന്നത്. എന്റെ പ്രിയ ഡയറക്ടര്‍ സേതുമാധവന്‍ സാറിന്റെയും ആദ്യത്തെ ചിത്രം അതായിരുന്നു കമല്‍ പറഞ്ഞു. കേരളത്തിലെ ചലച്ചിത്രരംഗം എന്നും കേരളം എന്ന സംസ്‌കാരിക ഇടത്തെ രൂപപ്പെടുത്താന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്പം തന്നെ എന്റെ സിനിമ കാഴ്ചപ്പാടിനെയും മലയാള സിനിമ സ്വാധീനിച്ചിട്ടുണ്ട്. നാം നിര്‍മ്മിക്കുന്ന സിനിമകള്‍ എന്നും സമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്യാറുണ്ട്. ഇത് കേരളത്തിന്റെ സാമൂഹിക പ്രതിബദ്ധതയും, ഇത്തരം വിഷയത്തിലുള്ള ജാഗ്രതയും എടുത്തു കാട്ടുന്നു. 

കേരളീയത്തിന്റെ ചലച്ചിത്രോത്സവത്തില്‍ തന്റെ ചിത്രം മദനോത്സവം പ്രദര്‍ശിപ്പിക്കുന്നു എന്നതില്‍ തനിക്ക് അഭിമാനമുണ്ട്.  21മത്തെ വയസിലാണ് താന്‍ മദനോത്സവം ചെയ്യുന്നത്. അന്ന് അതിന്റെ പിന്നിലെ ഒരോ വ്യക്തിയും തനിക്ക് വലിയ സ്വതന്ത്ര്യമാണ് നല്‍കിയത്. 2017 ല്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെ കേരളത്തില്‍ എത്തി നിങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഉപദേശം തേടിയിരുന്നു. 

ജനകേന്ദ്രീകൃത രാഷ്ട്രീയം എന്ന എന്റെ ആശയം തന്നെ കേരള മോഡലില്‍ നിന്നും രൂപപ്പെടുത്തിയതാണ്. തമിഴ്‌നാട്ടിലെ പ്രദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തണം എന്ന തന്റെ ആശയത്തില്‍ മാതൃകയാക്കിയത് കേരളം നടപ്പിലാക്കിയ 1996ലെ ജനകീയാസൂത്രണത്തെയാണ്. ജനാധിപത്യം ശരിക്കും നടപ്പിലാക്കപ്പെടുന്നത് വികേന്ദ്രീകൃത ആസൂത്രണത്തിലൂടെയാണ് അതില്‍ ഇന്ത്യയ്ക്ക് സ്വീകരിക്കാവുന്ന മാതൃകയാണ് കേരളം. 

തമിഴ്‌നാടും കേരളവും അതിര്‍ത്തി മാത്രം അല്ല ഒരു സംസ്‌കാരം തന്നെ പങ്കിടുന്നുണ്ട്. ജനങ്ങളുടെ വികസനവും ആരോഗ്യരംഗത്തെയും വിദ്യാഭ്യാസ രംഗത്തേയും പുരോഗതിയും ഇരു സംസ്ഥാനങ്ങളുടെയും നയമാണ്. സംഗീതത്തിലും ക്ലാസിക് കലകളിലും നാം രണ്ട് ജനതയും താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. നമ്മുടെ ഭാഷപരമായ സാമ്യത ചെറുപ്പകാലം മുതല്‍ തന്നെ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിനും എന്നെ സഹായിച്ചിട്ടുണ്ട് - കമല്‍ഹാസന്‍ പറഞ്ഞു. 

വൈക്കം സത്യഗ്രഹത്തില്‍ പെരിയാര്‍ ഇവി രാമസ്വാമി നായിക്കരുടെ പങ്ക് പരാമര്‍ശിച്ച കമല്‍. തുടര്‍ന്ന് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ സര്‍ക്കാരിനെയും കുറിച്ച് പറഞ്ഞു. കോവിഡ് കാലത്തെ കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി. കേരളത്തിന്റെ എല്ലാം നേട്ടവും അവതരിപ്പിക്കുന്ന ഇത്തരം ഒരു പരിപാടി വീണ്ടും കേരളത്തില്‍ നിന്നും പഠിക്കാനുള്ള അവസരമാണ് തനിക്ക് നല്‍കുന്നത് എന്നും കൂട്ടിച്ചേര്‍ത്തു. 

തന്റെ ഓര്‍മയില്‍ ഇതാദ്യമാണ് ഇത്രയും നിറഞ്ഞ ഒരു വേദിയും സദസുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. തിരുവനന്തപുരം തന്റെ നഗരമാണ്. ഈ നഗരത്തെ കേരളീയത്തിന്റെ വേദിയായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. നാളെത്തേ കേരളം എന്ന ചിന്തയാണ് കേരളീയം മുന്നോട്ടവെക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഈ വേദിയില്‍ വച്ച് കേരളീയത്തിന്റെ അംബാസഡര്‍മാരായ കമല്‍ഹാസന്‍, മമ്മൂട്ടി, ശോഭന, ഞാനും എല്ലാവരും ചേര്‍ന്ന്  അടുത്ത വര്‍ഷത്തെ കേരളീയത്തിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രിക്കൊപ്പം ഒരു സെല്‍ഫി എടുക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. 

മഹത്തായ ആശയത്തിന്റെ തുടക്കം

മഹത്തായ ആശയത്തിന്റെ തുടക്കമാണ് കേരളീയമെന്ന് നടന്‍ മമ്മൂട്ടി. കേരളീയം കേരളീയരുടെ മാത്രം വികാരമല്ലെന്നും ലോക സാഹോദര്യത്തിന്റെ വലിയൊരു വികാരമായി ഇത് മാറട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. സ്‌നേഹത്തിനും സൗഹാര്‍ദത്തിനും ലോകത്തിന്റെ ഏറ്റവും വലിയ മാതൃക കേരളമാകട്ടെ. കേരളീയം 2023ല്‍ ആശംസകള്‍ അര്‍പ്പിക്കുകയായിരുന്നു മമ്മൂട്ടി. 

ഏഴുതിതയ്യാറാക്കിയ പ്രസംഗം എന്റെ കൈയില്‍ ഇല്ല. എന്തെങ്കിലും വാക്ക് പിഴകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതില്‍ നേരത്തെ മാപ്പു ചോദിക്കുന്നു. എന്തെങ്കിലും പറ്റിപ്പോയാല്‍ നമ്മളെ കുടുക്കരുത്. സ്പീക്കറായിരുന്നു എന്റെ അടുത്ത് ഇരുന്നത്. അദ്ദേഹത്തിന് വാക്കുപിഴ സംഭവിച്ചാല്‍ അത് രേഖകളില്‍ നിന്ന് നീക്കിയാല്‍ മതി. നമ്മളില്‍ വാക്ക് പിഴച്ചാല്‍ പിഴച്ചത് തന്നെയെന്നും മമ്മൂട്ടി പറഞ്ഞു. 

നമ്മുടെ രാഷ്ട്രീയം മതം ജാതി പ്രാര്‍ഥന ചിന്ത  എല്ലാ വേറെവേറെയാണ്. നമ്മള്‍ എല്ലാവര്‍ക്കും ഉണ്ടാകുന്നവികാരം ഏല്ലാവരും കേരളീയരാണെന്നതാണ്. ഞങ്ങളെ നോക്കി പഠിക്കൂ, ഞങ്ങള്‍ ഒന്നാണ് എന്നതാവണം നാം ലോകത്തിന് കൊടുക്കേണ്ട മാതൃക. ലോകം ആദരിക്കുന്ന ജനതയായി നാം മാറണമെന്നും മമ്മൂട്ടി പറഞ്ഞു. 

കേരളീയത്തിൽ പങ്കെടുക്കുന്നതിൽ അതിയായ സന്തോഷവും അങ്ങേയറ്റം അഭിമാനവും ഉണ്ടെന്നു നടി ശോഭന പറഞ്ഞു 





ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories