മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ആറര ലക്ഷവും നടന്‍ ജഗതി ശ്രീകുമാറിന് 12 ലക്ഷത്തിലധികം രൂപയും സര്‍ക്കാരില്‍ നിന്ന് ചികിത്സാ സഹായമായി നല്‍കിയെന്ന് വിവരാവകാശ രേഖ. ഉമ്മന്‍ ചാണ്ടിയ്ക്ക് അടക്കം സര്‍ക്കാരില്‍ നിന്ന് സഹായങ്ങള്‍ ഉണ്ടായിട്ടില്ല എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഈ വിവരങ്ങള്‍ പുറത്തു വരുന്നത്.
2021 ഏപ്രില്‍ 1 മുതല്‍ 2023 ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ ആറ് ലക്ഷത്തി അറുപത്തൊന്നായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി മൂന്ന് രൂപയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ചികിത്സാ സഹായമായി സര്‍ക്കാര്‍ നല്‍കിയത്. നിയമസഭാ സെക്രട്ടറിയേറ്റില്‍ നിന്നാണ് വിവരാവകാശ മറുപടിയായി ഈ വിശദാംശങ്ങള്‍ ലഭിച്ചിരിക്കുന്നത്.
വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന നടന്‍ ജഗതി ശ്രീകുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് നിന്നും ചെന്നൈയിലേയ്ക്ക് കൊണ്ടു പോകുന്നതിന് എയര്‍ ആംബുലന്‍സ് വിമാനത്തിനായി സര്‍ക്കാര്‍ 12,41,292 രൂപ എയര്‍ ട്രാവല്‍സ് എന്റര്‍പ്രൈസസ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് കൈമാറാന്‍ സാംസ്‌ക്കാരിക വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 02.06.2012ല്‍ 11,97,000 രൂപയും 20.07.2012ല്‍ 44292 രൂപയും അനുവദിച്ചു എന്നാണ് വിവരാവകാശ രേഖ ചൂണ്ടിക്കാട്ടുന്നത്.