സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തുടക്കം. 11 ഏരിയ കമ്മിറ്റികളിൽ നിന്നുള്ള 263 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പ്രതിനിധി സമ്മേളനം വേദിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം പതാക ഉയർത്തിയത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
3 ദിവസത്തെ സമ്മേളനത്തിൽ 263 പേരാണ് പങ്കെടുക്കുന്നത്. വിഭാഗീയ പ്രശ്നങ്ങളിലെ ചർച്ചയും പുതിയ ജില്ലാ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പും അടക്കം പത്തനംതിട്ടയിൽ ജില്ലാ സമ്മേളനത്തിൽ ചർച്ചയാകും. ഇന്ന് ആരംഭിച്ച പ്രതിനിധി സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എം .വി .ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 29നും 30നും പ്രതിനിധി സമ്മേളനം തുടരും. 30ന് രാവിലെ ഭാരവാഹികളെയും പുതിയ കമ്മിറ്റിയേയും തെരഞ്ഞെടുക്കും.
തിരുവല്ലയിലെയും കൊടുമണ്ണിലേയും വിഭാഗീയ പ്രശ്നങ്ങളും ജില്ലാ സമ്മേളനത്തിന് ചൂട് പകരും. നിലവിലെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞതോടെ പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടത്തേണ്ടതുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർമാരായ ടി ഡി ബൈജു, പി ബി ഹർഷകുമാർ സംസ്ഥാന കമ്മിറ്റിയംഗം രാജു എബ്രഹാം എന്നിവരുടെ പേരുകളാണ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യത.
ഇതിനു പുറമെ സംസ്ഥാനത്താകെ കോലിളക്കം സൃഷ്ടിച്ച എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയും പ്രതിനിധി സമ്മേളനത്തിൽ ഉയരാൻ സാധ്യതയുണ്ട്. വിഭാഗീയത ഉണ്ടെന്നു പറയുമ്പോഴും ജില്ലയിൽ ആകെയുള്ള 1656 ബ്രാഞ്ച് സമ്മേളനങ്ങളും 113 ലോക്കൽ സമ്മേളനങ്ങളും 11 ഏരിയ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തുടക്കമായത്. മുപ്പതിന് കോന്നിയിൽ ചേരുന്ന പൊതുസമ്മേളനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.