കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് നിരവധി വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നതിനിടയിൽ മലയാള സിനിമയില് നിന്ന് ധാരാളം മോശം അനുഭവങ്ങള് ഉണ്ടായിട്ടുണ്ടെന്ന് നടി ഗീതാവിജയനും പറഞ്ഞു. സംവിധായകന് തുളസിദാസില് നിന്നാണ് മോശം അനുഭവം ഉണ്ടായത്. ചാഞ്ചാട്ടം സിനിമയുടെ സെറ്റില് വച്ചായിരുന്നു ദുരനുഭവം ഉണ്ടായതെന്ന് നടി പറഞ്ഞു. ആ സമയങ്ങളില് ശക്തമായി പ്രതികരിച്ചെന്നും അവരെ പരസ്യമായി ചീത്തവിളിച്ചതായും ഗീത വിജയന് പറഞ്ഞു. പോടാ പുല്ലേ എന്നുപറഞ്ഞ് ഇറങ്ങിപ്പോന്ന പല സന്ദര്ഭങ്ങളും ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് നിരവധി അവസരങ്ങള് നിഷേധിക്കപ്പെട്ടതായും നടി മാധ്യമങ്ങളോട് പറഞ്ഞു.
'ജോലി സ്ഥലം എപ്പോഴും സുരക്ഷിതമായിരിക്കണം. അല്ലെങ്കില് അവിടെ നിന്ന് ജോലി ചെയ്യാന് ബുദ്ധിമുട്ടാണ്. പലരുടെയും ജീവിതം ദുരിതപൂര്ണമായിട്ടുണ്ട്. അതിന് അറുതി വേണം. എല്ലാവരും അവരുടെ കാര്യങ്ങള് മുന്നോട്ടുവന്നു തുറന്നുപറയണം. ഹേമ കമ്മിറ്റി റിപ്പോര്ട്ട് വന്നതോടെ വില്ലന്മാര്ക്കൊക്കെ ഭയമാണ്. അതാണ് വേണ്ടത്. അതിനെക്കാള് എത്രയോ വലുതാണ് പീഡനത്തിന് ഇരയായ സ്ത്രീകളുടെ അവസ്ഥ'- നടി പറഞ്ഞു
ആദ്യമായി ദുരനുഭവം ഉണ്ടായത് സംവിധായകന് തുളസിദാസില് നിന്നാണ്. 1991ലാണത്. ലൊക്കേഷനില് വച്ച് തന്റെ റൂമിന് മുന്നില് വന്ന് കതകിന് തട്ടലും മുട്ടലും ഉണ്ടായി. സഹിക്കവയ്യാതെ വന്നതോടെ പച്ചത്തെറി പറഞ്ഞ് ഓടിക്കുകയായിരുന്നു. തിർത്തപ്പോൾ പ്രതികാര ബുദ്ധിയോടെ പെരുമാറി. മൂന്ന് ദിവസം തുടർച്ചയായി ബുദ്ധിമുട്ടിച്ചു. താൻ ചീത്ത വിളിച്ചപ്പോൾ ഓടിപ്പോയി. പിന്നീട് സെറ്റിൽ വെച്ച് പ്രതികാര ബുദ്ധിയോടെ പെരുമാറി. സീൻ വിവരിച്ച് തരാൻ പോലും പിന്നീട് സംവിധായകൻ തയ്യാറായില്ല. സിനിമാ മേഖലയിൽ നിന്ന് ഇല്ലാതാക്കുമെന്ന് തുളസീദാസ് പറഞ്ഞിരുന്നു. നൊട്ടോറിയസ് ഡയറക്ടറെന്നാണ് എല്ലാവരും അയാളെ വിളിച്ചിരുന്നതെന്നും ഗീതാ വിജയൻ പറഞ്ഞു.
പ്രൊഡക്ഷൻ കൺഡ്രോളർ അരോമ മോഹനെതിരെയും ഗീതാ വിജയൻ ആരോപണം ഉന്നയിച്ചു. ഈ വിഷയത്തിൽ എഎംഎംഎയിൽ പരാതി നൽകിയിരുന്നു. അന്നത്തെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ ഫോണിൽ വിളിച്ചാണ് ആദ്യം പറഞ്ഞത്. പ്രൊജക്ടിന് വേണ്ടി വിളിക്കുമ്പോഴാണ് അരോമ മോഹൻ മോശമായി സംസാരിച്ചത്. ആ ചിത്രത്തിനായി പിന്നെ വിളിച്ചിട്ടില്ല. പരാതി നൽകിയിട്ടും അയാൾക്ക് ധാരാളം ചിത്രങ്ങൾ ഉണ്ട്. തനിക്കാണ് ചിത്രങ്ങളില്ലാതായതെന്നും ഗീതാ വിജയൻ വ്യക്തമാക്കി. ഓരോ സിനിമയിലും ഓരോ ആളുകളാണ് പവർഫുൾ. ഇടവേള ബാബു അരോമ മോഹനെ വിളിച്ച് ചീത്ത പറഞ്ഞു എന്നാണ് അറിഞ്ഞത്. തുളസീദാസിനെതിരെയുള്ള ശ്രീദേവികയുടെ പരാതിയിൽ അവർക്കൊപ്പം നിൽക്കുമെന്നും ഗീതാ വിജയൻ അറിയിച്ചു.
'എനിക്ക് ഇത്തരം അനുഭവങ്ങള് ഉണ്ടായപ്പോള് തന്നെ ഞാന് പ്രതികരിച്ചിട്ടുണ്ട്. നോ പറയേണ്ടിടത്ത് നോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാന് പലരുടെയും മുന്നില് കരടാണ്. പ്രതിരോധിച്ചതുകൊണ്ട് നിരവധി അവസരങ്ങള് നഷ്ടമായിട്ടുണ്ട്. അത് അറിയാമായിരുന്നു. പോടാ പുല്ലേ എന്ന് പറഞ്ഞ് ഞാന് ഇറങ്ങിപ്പോന്നിട്ടുണ്ട്. എന്നെ ആവശ്യമുള്ള പ്രൊജക്ട് എന്നേ തേടിയെത്തുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇല്ലെങ്കില് വേണ്ട എന്നായിരുന്നു എന്റെ നിലപാട്. മോശമായി പെരുമാറിയവരെ പബ്ലിക്ക് ആയി ചീത്തവിളിച്ചിട്ടുണ്ട്' - ഗീത വിജയന് പറഞ്ഞു.
2006-ൽ അവൻ ചാണ്ടിയുടെ മകൻ സിനിമയുടെ സെറ്റിൽ വെച്ച് തനിക്ക് ദുരനുഭവം ഉണ്ടായെന്നാണ് നടി ശ്രീദേവികയുടെ വെളിപ്പെടുത്തൽ. സംവിധായകൻ തുളസീദാസ് രാത്രി ഹോട്ടൽ മുറിയിലെ കതകിൽ തുടർച്ചയായി മുട്ടി വിളിച്ചു. മൂന്നോ നാലോ ദിവസം കതകിൽ മുട്ടി. റിസപ്ഷനിൽ അറിയിച്ചപ്പോൾ സംവിധായകനാണ് മുട്ടിയതെന്ന് പറഞ്ഞുവെന്നും ശ്രീദേവിക പറഞ്ഞു."തന്റെ അമ്മ സഹനടനോട് ഇക്കാര്യം പറഞ്ഞു. പിന്നീട് മറ്റൊരു മുറിയിലേക്ക് മാറേണ്ടി വന്നു. സെറ്റിലടക്കം വളരെ മോശമായി പെരുമാറിയ സംവിധായകൻ ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കിയെന്നും അവ‍ർ പറഞ്ഞു. ദുരനുഭവം അറിയിച്ച് എഎംഎംഎക്ക് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ല. ഇതിന് പിന്നാലെയാണ് എഎംഎംഎക്കെതിരെ ശ്രീദേവിക രംഗത്തെത്തിയത്. എഎംഎംഎയിൽ പരാതി നൽകിയിട്ടും നീതി കിട്ടിയിട്ടില്ലെന്നും ശ്രീദേവിക ആരോപിച്ചു