Share this Article
ഇഡിക്ക് തിരിച്ചടി, അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം
വെബ് ടീം
posted on 10-05-2024
1 min read
kejriwal-gets-bail-in-ed-case

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടു കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ചിന്റെ വിധി. ജൂണ്‍ ഒന്നുവരെയാണ്  കേജ്‌രിവാളിനു ജാമ്യം അനുവദിച്ചത്.

അറസ്റ്റ് ചോദ്യം ചെയ്തുള്ള  കേജ്‌രിവാളിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം പരിഗണിക്കുകയായിരുന്നു. രാഷ്ട്രീയക്കാരന്‍ എന്ന പരിഗണന വച്ച് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഇഡി നിലപാടെടുത്തു. രാഷ്ട്രീയക്കാരന്‍ എന്നതല്ല, ഓരോ വ്യക്തിക്കും അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാവാമെന്ന് കോടതി പറഞ്ഞു.  കേജ്‌രിവാള്‍ ഡല്‍ഹിയുടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. തെരഞ്ഞെടുപ്പു കാലമാണ്. ഇതൊരു അസാധാരണ സാഹചര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കേസില്‍ അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതു വരെയുള്ള കേസ് ഫയലുകള്‍ ഹാജരാക്കാന്‍ ഇഡിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി ഇടക്കാല ജാമ്യം പരിഗണിക്കുമെന്നു വ്യക്തമായതോടെ ഇഡി പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള അവകാശം മൗലിക അവകാശമല്ലെന്നാണ് ഇഡി നിലപാടെടുത്തത്.

കേസില്‍ അന്വേഷം ഇഴഞ്ഞുനീങ്ങുന്നതിനെ കോടതി ചോദ്യം ചെയ്തു. രണ്ടു വര്‍ഷമെടുത്താണ് എന്തെങ്കിലുമൊരു പുരോഗതിയുണ്ടാവുന്നത്. പ്രതികളോടും സാക്ഷികളോടും കൃത്യമായ ചോദ്യങ്ങള്‍ ചോദിക്കാതെ ഇഡി വളഞ്ഞ വഴി സ്വീകരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.കേസില്‍ കേജ്‌രിവാളിന്റെ പങ്ക് പിന്നീട് വ്യക്തമായതെന്ന് ഇഡിക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞു. തുടക്കത്തില്‍ കേജ്‌രിവാളില്‍ ആയിരുന്നില്ല ഫോക്കസ്. പിന്നീടു കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെട്ടു. ഗോവ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കേജ്‌രിവാള്‍ സെവന്‍ സ്റ്റാര്‍ ഹോട്ടലിലാണ് തങ്ങിയതെന്നും ഡല്‍ഹി പൊതു ഭരണ വകുപ്പ് ഇതിനു ഭാഗികമായി പണം നല്‍കിയിട്ടുണ്ടെന്നും എസ് വി രാജു പറഞ്ഞു.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കുന്ന കള്ളപ്പണക്കേസില്‍ മാര്‍ച്ച് 21നാണ് കേജ്‌രിവാളിനെ അറസ്്റ്റ് ചെയ്തത്. തിഹാര്‍ ജയിലില്‍ കഴിയുന്ന കേജ്‌രിവാളിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ കഴിഞ്ഞിട്ടില്ല.

അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്താണ് കേജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories