ഇസ്രായേലും ഹിസ്‌ബുള്ളയും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ച് വെടിനിർത്തൽ കരാർ. പ്രധാനമന്ത്രി ബെഞ്ചമിൻ നേതാന്യാഹുവിന്റെ നേതൃത്വത്തിൽ ചേർന്ന ഇസ്രായേൽ സുരക്ഷ മന്ത്രി സഭ വെടിനിർത്തൽ കരാർ അംഗീകരിച്ചു. സന്തോഷകരമായ വാർത്തയാണെന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
അമേരിക്കയുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് വെടിനിർത്തൽ കരാറിലേക്ക് ഇരുരാജ്യങ്ങളും നീങ്ങിയത്. വൈറ്റ് ഹൗസ് പ്രതിനിധി ഇസ്രായേലിലും ലബനനിലും എത്തി ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന് നടന്ന ഇസ്രായേൽ സുരക്ഷ മന്ത്രി സഭ വെടി നിർത്തൽ കരാർ അംഗീകരിക്കുകയായിരുന്നു.
ഇന്ത്യൻ സമയം ഇന്ന് രാത്രി മുതൽ വെടിനിർത്തൽ കരാർ നിലവിൽ വരും. അറുപത് ദിവസത്തേക്കാണ് കരാർ. സാഹചര്യങ്ങൾ അനുകൂലമെങ്കിൽ കൂടുതൽ ദിവസത്തേക്ക് കരാർ നീട്ടുന്നതും പരിഗണിക്കും. കരാറിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിനോട് ചേർന്നുള്ള ലബനൻ അതിർത്തി മേഖലയുടെ 30 കിലോമീറ്റർ പരിധിയിൽ നിന്ന് ഹിസ്ബുള്ള പൂർണമായും പിന്മാറും.
ലബനനിൽ ഉള്ള ഇസ്രേൽ സൈന്യവും പൂർണമായി പിന്മാറും. പകരം തെക്കൻ ലബനനിൽ യുഎൻ മേൽനോട്ടത്തിലുള്ള സമാധാന സേനയും ലബനനിന്റെ ഔദ്യോഗിക സൈന്യവും മാത്രമായിരിക്കും ഉണ്ടാവുക. ഹിസ്ബുള്ള കരാർ ലംഘിച്ച് ആക്രമണം നടത്തിയാൽ മാത്രമായിരിക്കും ഇസ്രായേൽ തിരിച്ചടിക്കുക.
ഇരുരാജ്യങ്ങകും കരാർ പാലിക്കുന്നു എന്ന് നിരീക്ഷിക്കുന്നതിനായി അഞ്ചു രാജ്യങ്ങൾ ഉൾപ്പെട്ട ഒരു സമിതിയെയും രൂപീകരിക്കും. അമേരിക്കക്കാണ് മേൽനോട്ട ചുമതല. വൈകാതെ ഗാസയിലും വെടിനിർത്തൽ കരാർ കൊണ്ടുവരാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.