കൊച്ചി: കലൂരിലെ ഹോട്ടലില്‍ ചങ്ങനാശേരി സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. കൊലപാതകം മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് ശേഷമെന്ന് പൊലീസ്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ നൗഷിദ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. യുവതി ദുര്‍മന്ത്രവാദം നടത്തിയെന്നും നൗഷീദ് ആരോപിച്ചു. ഇന്നലെ രാത്രിയാണ് കലൂരിലെ ഹോട്ടല്‍ മുറിയില്‍ രേഷ്മ സുഹൃത്ത് നൗഷീദിന്റെ കുത്തേറ്റ് മരിച്ചത്.
പീഡനം സഹിക്കാനാകാതെ വന്നതോടെ രേഷ്മ തന്നെ കൊല്ലാന്‍ നൗഷീദിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ, നൗഷീദ് കൈയില്‍ കരുതിയ കത്തിയെടുത്ത് രേഷ്മയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ കഴുത്തിന് പിന്നില്‍ കുത്തേറ്റ രേഷ്മ സംഭവസ്ഥലത്ത് വച്ച് മരിച്ചു.
പകമൂലമാണ് രേഷ്മയെ കൊലപ്പെടുത്തിയതെന്നായിരുന്നു നൗഷീദ് ആദ്യം പൊലീസില്‍ മൊഴി നല്‍കിയത്. തന്റെ ശാരീരികസ്ഥിതിയെ കുറിച്ച് സുഹൃത്തുക്കളോട് യുവതി അപകീര്‍ത്തികരമായി പറഞ്ഞു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നായിരുന്നു നൗഷീദിന്റെ മൊഴി. കോഴിക്കോട് ബാലുശേരി സ്വദേശിയാണ് നൗഷീദ്.