റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ അധികാരശൂന്യനാകുന്ന ദിവസത്തിന് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നതെന്ന് റഷ്യൻ മുൻ പ്രതിപക്ഷ നേതാവും പുട്ടിന്‍ വിരുദ്ധനുമായ അലക്‌സി നവല്‍നിയുടെ ഭാര്യ യൂലിയാ നവല്‍നി. പുട്ടിനെ അധികാരത്തിൽ നിന്നിറക്കാന്‍ താന്‍ എന്തും ചെയ്യുമെന്നും വേണ്ടിവന്നാല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും യൂലിയാ ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പ്രതിഷേധങ്ങളും വിമർശനങ്ങളും നിറഞ്ഞതായിരുന്നു യുലിയയുടെ അഭിമുഖം.വര്‍ഷങ്ങളായി റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന പുട്ടിന് വലിയ രീതിയില്‍ വെല്ലുവിളി തീര്‍ത്തയാളാണ് തന്റെ ഭര്‍ത്താവ് അലക്‌സി നവല്‍നിയെന്നും അതിനാലാണ് അലക്‌സിയെ വകവരുത്തിയതെന്നുമാണ് യൂലിയാ ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.എന്നാല്‍ പരാമര്‍ശത്തില്‍ നേരത്തെ തന്നെ റഷ്യന്‍ ഭരണകൂടം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.
പുട്ടിനെതിരെ അഴിമതി ആരോപണ ക്യാമ്പയിൻ നടത്തിയതിന് പിന്നാലെ 30 വർഷം തടവിനു ശിക്ഷിക്കപ്പെട്ട നവൽനി കഴിഞ്ഞ ഫെബ്രുവരിയിലാണ് റഷ്യയിലെ ആർക്റ്റിക് ജയിലിൽ വെച്ച് മരിച്ചത്.രോഗബാധിതനായാണ് നവൽനി മരിച്ചതെന്നാണ് റഷ്യൻ ഭരണകൂടത്തിന്റെ വാദം. എന്നാൽ ഈ വാദം യുലിയ തള്ളിയിരുന്നു.
അലെക്സി നവൽനി ആരംഭിച്ച അഴിമതി വിരുദ്ധ ഫൌണ്ടേഷന്റെ പ്രവർത്തനങ്ങളെല്ലാം ഇപ്പോൾ യുലിയയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. പുട്ടിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും വേണ്ടസമയത്തു താനത് പുറത്ത് വിടുമെന്നും യുലിയ പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈയിലാണ് റഷ്യൻ സർക്കാർ തേടുന്ന തീവ്രവാദികളുടെ പട്ടികയിൽ യുലിയയുടെ പേര് ഉൾപ്പെടുത്തിയത്. യുലിയക്കെതിരെ അറസ്റ്റ് വാറന്റും സർക്കാർ പുറപ്പെടുവിച്ചിരുന്നു. നിലവിൽ യുലിയ ജർമനിയിലാണ് കഴിയുന്നത്. പരമോന്നത നേതാവിൽനിന്നും ജയിലിതടവുകാരനിലേക്കുള്ള വ്ലാഡിമിർ പുട്ടിന്റെ പതനമാണ് താൻ ആഗ്രഹിക്കുന്നതെന്നും തന്റെ ഭർത്താവ് അനുഭവിച്ച പോലെ ജയിലിൽ നരകയാതന അനുഭവിക്കുമെന്നും യുലിയ പറഞ്ഞു. പരാമർശങ്ങൾക്കെല്ലാം പുടിൻ ഏതു രീതിയിലാകും മറുപടി നൽകുക എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.