Share this Article
വിഡി സതീശന്റെ ഡ്രൈവറുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; പണം നഷ്ടമായതായി പരാതി
വെബ് ടീം
posted on 31-07-2023
1 min read
online fraud in the name of VD Satheeshan driver

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഡ്രൈവര്‍ ജയിംസിന്റെ പേരില്‍ ഓണ്‍ലൈനില്‍ പണം തട്ടിയെന്ന് പരാതി. പറവൂര്‍ നഗരസഭയിലെ താത്കാലിക ജീവനക്കാരന്‍ സുരാഗിനാണ് പതിനായിരം രൂപ നഷ്ടമായത്. ജയിംസിന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായ സുരാഗും ജെയിംസും പോലീസില്‍ പരാതി നല്‍കി.

ജയിംസിന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ജയിംസിന്റെതന്നെ സുഹൃത്തായ സുരാഗിനോട് മെസന്‍ജര്‍ വഴി പണമാവശ്യപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. 20,000 രൂപയാണ് തട്ടിപ്പ് നടത്തിയയാള്‍ ചോദിച്ചത്. എന്നാല്‍ 10,000 രൂപയേ തന്റെ കൈയിലുള്ളു എന്ന് സുരാഗ് അറിയിച്ചു. തുടര്‍ന്ന് 10,000 രൂപ അയച്ചുനല്‍കുകയായിരുന്നു.

പിന്നാലെ ജയിംസിനെ ഫോണില്‍ വിളിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഇഎംഐ അടക്കാന്‍ വെച്ചിരുന്ന പണമാണ് അയച്ചുകൊടുത്തതെന്ന് സുരാഗ് പറഞ്ഞു. സംഭവത്തില്‍ ജെയിംസ് റൂറല്‍ എസ്പിക്കും സുരാഗ് നോര്‍ത്ത് പറവൂര്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories