മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജാമ്യം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ കെജ്രിവാള്‍ ജയിലില്‍ തുടരണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. കഴിഞ്ഞദിവസം സുപ്രീം കോടതിയെ സമീപിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് അഴിമതിക്കേസില്‍ ജാമ്യം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജയിലില്‍ തുടരാന്‍ നിര്‍ദേശിച്ചിരുന്നു.
കേജ്രിവാളിന്റെ ജാമ്യം റദ്ദാക്കാന്‍ ഇഡി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഉത്തരവിനായി മാറ്റിവച്ചത് അസാധാരണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. സാധാരണ സ്റ്റേ ആവശ്യത്തില്‍ അതേദിവസം തന്നെ ഉത്തരവ് പുറപ്പെടുവിക്കുകയാണ് പതിവെന്നും ജസ്റ്റിസ് മനോജ് മിശ്ര പരാമര്‍ശിച്ചിരുന്നു.
പ്രശ്നത്തില്‍ വ്യക്തതയ്ക്കായി ഹൈക്കോടതിയുടെ തീരുമാനം വരുന്നത് കാത്തിരിക്കാമെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു. ജാമ്യ ഉത്തരവില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഉത്തരവ് മാറ്റിയ ഹൈക്കോടതി നടപടിക്കെതിരെ അരവിന്ദ് കേജ്രിവാളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാല്‍ കേസ് ബുധനാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. കേജ്രിവാളിനായി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്വിയും വിക്രം ചൗധരിയുമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഹാജരായത്.
ജൂണ്‍ 20ന് വിചാരണക്കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും അടുത്ത ദിവസം തന്നെ വിധി റദ്ദ് ചെയ്യാന്‍ ഇഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിന്റെ മുഴുവന്‍ രേഖകളും പഠിക്കാനുണ്ടെന്ന് അറിയിച്ച ഹൈക്കോടതി വിധി പറയുന്നത് മാറ്റിയിരുന്നു. അതുവരെയാണ് വിചാരണക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.