കോട്ടയം: യാത്രക്കാർ നോക്കുമ്പോൾ രണ്ട് ടിടിഇ. ഒരാൾ വനിതാ കംപാര്‍ട്ട്മെന്റിന് അകത്ത് കയറി വാതിലടച്ചിരിക്കുന്നു. ടിടിഇ നോക്കിയപ്പോൾ തന്റെ അതേ വേഷത്തിൽ യൂണിഫോമും ഐഡി കാർഡുമായാണ് ഈ ടിടിഇയും . ആറു മാസമായി ട്രെയിനുകളില്‍ ടിടിഇ ചമഞ്ഞ് യാത്ര ചെയ്യുകയും ടിക്കറ്റ് പരിശോധന നടത്തുകയും ചെയ്ത കൊല്ലം തൃക്കരുവ മുണ്ടുകാട്ടില്‍ റംലത്തിന്റെ (42) തട്ടിപ്പ് രീതി കണ്ട് യാത്രക്കാർ മാത്രമല്ല റെയിൽവേ ഉദ്യോഗസ്ഥരും വരെ അമ്പരന്നു. ഇന്നലെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് രാജ്യറാണി എക്സ്പ്രസിൽനിന്ന് റംലത്ത് റെയില്‍വേ ജീവനക്കാരുടെ പിടിയിലാകുന്നത്. റംലത്തിനെ റെയില്‍വേ പൊലീസ് കോട്ടയത്ത് അറസ്റ്റ് ചെയ്തു. എവിടെയാണ് ഓഫിസെന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിലാണ് വ്യാജ ടിടിഇയുടെ കള്ളങ്ങൾ പൊളിയുന്നത്.
ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ ശേഷം ഹോം നഴ്‌സായി ജോലി നോക്കുകയായിരുന്നു റംലത്ത്. ആറു മാസം മുന്‍പ് റെയില്‍വേയില്‍ ജോലി കിട്ടി എന്ന് നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. അതിനു ശേഷം ടിടിഇമാരുടെ യൂണിഫോമും വ്യാജ ഐഡി കാര്‍ഡും തയാറാക്കി. ട്രെയിനില്‍ സൗജന്യമായി യാത്ര ചെയ്യാനാണ് ടിടിഇ വേഷം ധരിച്ചതെന്നാണ് ചോദ്യം ചെയ്യലിനിടെ ഇവർ പറഞ്ഞത്. പൊലീസ് ഇതു വിശ്വാസത്തിലെടുത്തിട്ടില്ല. കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ട രാജ്യറാണി എക്സ്പ്രസ് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വനിതകളുടെ കംപാര്‍ട്ട്മെന്റിന്റെ വാതിലുകള്‍ തുറക്കുന്നില്ല എന്ന പരാതി ഉയര്‍ന്നു.
ഈ സമയം ട്രെയിനിലുണ്ടായിരുന്ന പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ ചീഫ് ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ അജയ്കുമാര്‍, ട്രാവലിങ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ ലാല്‍ കുമാര്‍, ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ജയചന്ദ്രന്‍ പിള്ള എന്നിവര്‍ വനിതാ കംപാര്‍ട്ട്മെന്റിന് പുറത്തെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. കംപാര്‍ട്ട്മെന്റിലുള്ള ടിടിഇ ആണ് വാതിലുകള്‍ അടച്ചത് എന്ന് യാത്രക്കാർ പറഞ്ഞു. റെയില്‍വേ സ്‌ക്വാഡ് അംഗങ്ങളാണെന്ന് പറഞ്ഞതോടെ യാത്രക്കാര്‍ വാതില്‍ തുറന്നു. ട്രെയിനില്‍ ഉണ്ടായിരുന്ന റംലത്തിനോട് എവിടെയാണ് ഓഫിസ് എന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചു. കൊല്ലത്താണ് ഓഫിസെന്നും പാലരുവിയിലെ ഡ്യൂട്ടി കഴിഞ്ഞ് ഷൊർണൂരിന് പോകുകയാണെന്നും റംലത്ത് മറുപടി നല്‍കി.
കൊല്ലത്ത് ടിടിഇ ഓഫിസ് ഇല്ലാത്തതിനാല്‍ ഇവര്‍ പറഞ്ഞത് കള്ളമാണെന്ന് മനസ്സിലായി. തുടര്‍ന്ന് ഐഡി കാര്‍ഡ് ആവശ്യപ്പെട്ടു. ഇവര്‍ നല്‍കിയ ഐഡി കാര്‍ഡ് പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തി. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കരുനാഗപ്പള്ളിയില്‍നിന്നു കയറിയതാണെന്ന് ഇവര്‍ പറഞ്ഞു. പിന്നീട് കോട്ടയം റെയില്‍വേ പൊലീസിനു കൈമാറി. കോടതി റിമാൻഡ് ചെയ്തു.