വെള്ളിയാഴ്ച രാത്രി ഒഡീഷയിലെ ബാലസോർ ജില്ലയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 288 പേർ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം നടത്താൻ റെയിൽവേ ബോർഡ് ശുപാർശ ചെയ്തതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഒഡീഷ ട്രെയിന്‍ ദുരന്തത്തിന്റെ കാരണവും കാരണക്കാരെയും കണ്ടെത്തിയതായി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങില്‍ ഉണ്ടായ പിഴവാണ് വലിയൊരു ദുരന്തത്തിലേക്ക് നയിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഷനില്‍വച്ച് ട്രെയിന്‍ ട്രാക്ക് മാറുന്ന വേളയില്‍ പ്രവര്‍ത്തിക്കേണ്ട ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത് വലിയൊരു ദുരന്തത്തിലേക്ക് നയിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഈ സംവിധാനത്തില്‍ അപാകത ഉണ്ടായതോടെ മെയിന്‍ ട്രാക്കിലൂടെ പോകേണ്ട കോറമണ്ഡാല്‍ എക്‌സ്പ്രസ് ചരക്ക് ട്രെയിന്‍ നിര്‍ത്തിയിട്ട ട്രാക്കിലേക്ക് കയറി പോവുകയായിരുന്നു. വിശദമായ അന്വേഷണം റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ നടത്തുന്നുണ്ട്. അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമെ തുടര്‍ നടപടികളിലേക്ക് കടക്കൂവെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
അപകടം നടന്ന ട്രാക്കില്‍ നിന്ന് കോച്ചുകള്‍ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ബുധനാഴ്ചയോടെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ പേര് വിവരങ്ങളും, മരിച്ചവരുടെ ചിത്രങ്ങളും അടങ്ങിയ പട്ടിക ഒഡീഷ സര്‍ക്കാര്‍ ഔദ്യോഗിക വെബിസൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതേസമയം അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന്‍ വിശാല്‍ തിവാരി സുപ്രീംകോടതിയെ സമീപിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.