നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് പുനപരീക്ഷ നടത്തണമെന്ന് സുപ്രീംകോടതി. ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് പുനപരീക്ഷയെന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ശുപാര്‍ശ സുപ്രീംകോടതി അംഗീകരിച്ചു.
നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍തക്ക് ലഭിച്ച 1563 പേര്‍ക്ക് ഈ മാസം 23ന് പുനഃപരീക്ഷ നടത്താനാണ് സുപ്രീംകോടതി ഉത്തരവ്. ഫലം 30ന് പ്രഖ്യാപിക്കും. പുനഃപരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ലെങ്കില്‍ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കി പരീക്ഷ എഴുതി ലഭിച്ച മാര്‍ക്കായിരിക്കും ലഭിക്കുക എന്നും സുപ്രീംകോടതി വ്യക്തമാക്കി.
നീറ്റ് പരീക്ഷയില്‍ 67 പേര്‍ക്ക് ഒന്നാം റാങ്കെന്ന അസാധാരണ റാങ്ക് ലിസ്റ്റ് പുറത്ത് വന്നതിന് പിന്നാലെയാണ് പരീക്ഷ നടത്തിപ്പില്‍ ക്രമക്കേട് ഉണ്ടായെന്ന ആരോപണം ഉയര്‍ന്നത്. ഇതില്‍ 47 പേര്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ചതിനാലാണ് ഒന്നാം റാങ്കിലെത്തിയതെന്ന് കോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ശുപാര്‍ശ കോടതി അംഗീകരിച്ചത്.
ഒന്നാം റാങ്ക് നേടിയ 47 പേരടക്കം ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563പേരും പുനഃപരീക്ഷ എഴുതണം. പരീക്ഷ എഴുതി ഒരാഴ്ചയ്ക്കകം ഫലപ്രഖ്യാപനവുമുണ്ടാകും. അതേസമയം നീറ്റ് കൗണ്‍സിലിങ് നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
നീറ്റ് കൗണ്‍സിലിങിലും അഡ്മിഷന്‍ നടപടികളിലും ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. ജൂലൈ ആറിനാണ് കൗണ്‍സിലിങ് നടപടികള്‍ ആരംഭിക്കുക. മുപ്പതിനകം പുനഃപരീക്ഷ ഫലം പുറത്ത് വരുമെന്നതിനാല്‍ ആശങ്കകള്‍ അസ്ഥാനത്താണെന്നും സുപ്രീംകോടതി വ്യക്തമാക്കി.