പശ്ചിമേഷ്യയെ കണ്ണുനീരിന്റെയും കൂട്ടപ്പലായനത്തിന്റെയും എണ്ണമില്ലാക്കുരുതികളുടെയും ഭൂമിയാക്കി മാറ്റിയ യുദ്ധത്തിന് ഒരാണ്ട്. ആക്രമണത്തില്‍ അയവു വരുത്താതെ ഇസ്രായേലും തോറ്റുകൊടുക്കാന്‍ തയ്യാറില്ലെന്നുറപ്പിച്ച് പലസ്തീനും യുദ്ധമുഖത്തു തന്നെ തുടരുകയാണ്. ഇറാനും ലെബനനും യുഎസും യുദ്ധത്തിലേക്ക് പങ്കു ചേരുമ്പോള്‍ പശ്ചിമേഷ്യയില്‍ ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് ലോകത്തിന്റെ ആശങ്ക.
ഹമാസിനെതിരെ ഗാസയില്‍ നിന്ന് ആരംഭിച്ച ഇസ്രയേലിന്റെ യുദ്ധകാണ്ഡം ലെബനനിലെ കരയുദ്ധത്തിലെത്തി നില്‍ക്കുന്നു. മരണസംഖ്യ അരലക്ഷത്തോടടുക്കുകയാണ്. പരിക്കേറ്റവരും കാണാതായവരും അതിലുമെത്രയോ ഇരട്ടി വരും. എല്ലാത്തിന്റെയും തുടക്കം ദശാബ്ദങ്ങള്‍ക്കു മുന്നേ കുറിക്കപ്പെട്ടതാണെങ്കിലും യുദ്ധത്തിന് നാന്ദി കുറിച്ചത് ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണമായിരുന്നു.
ഇസ്രയേല്‍ ലോകത്തിനു മുന്നില്‍ അഭിമാനമായി ഉയര്‍ത്തിപ്പിടിച്ചിരുന്ന അയേണ്‍ ഡോം സംവിധാനത്തേയും മൊസാദിന്റെ കണ്ണുകളെയും വിദ്ഗധമായി കബളിപ്പിച്ച് ഹമാസ് പോരാളികള്‍ അതിര്‍ത്തി കടന്നത് അന്നാണ്. സമയം രാവിലെ 6.30. നഗരം അപ്പോഴും ആലസ്യം വിട്ടുണര്‍ന്നിരുന്നില്ല.
5000 റോക്കറ്റുകളും മോട്ടോര്‍ബൈക്കുകളിലും ജീപ്പുകളിലും പോരാളികളുമായി ഹമാസ് അതിര്‍ത്തി ഭേദിച്ചു. റോക്കറ്റ് ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലുമായി 1200 ഓളം കൊല്ലപ്പെട്ടു. 251 പേരെ ബന്ദികളാക്കി. ഇസ്രയേലിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ആക്രമണത്തിന് അല്‍ അഖ്‌സ ഫ്‌ളഡ്‌സ് എന്നാണ് ഹമാസ് പേരിട്ടിരുന്നത്.പേരു പോലെത്തന്നെ ഇരച്ചെത്തിയ പ്രളയം പോലെ ഹമാസ് ആക്രമണം നടത്തി അതിര്‍ത്തിയുടെ മറുവശത്തെത്തി. എന്നാല്‍ പകച്ചുനില്‍ക്കാതെ ഇസ്രയേലും തിരിച്ചടിച്ചു.
സ്വോര്‍ഡ്‌സ് ഓഫ് അയേണ്‍ എന്ന പേരില്‍ 8.34 ന് ഇസ്രായേല്‍ പ്രത്യാക്രമണം ആരംഭിച്ചു 10.47 ന് ഇസ്രയേല്‍ വ്യോമസേന ഗാസയില്‍ ആക്രമണത്തിന് തുടക്കം കുറിച്ചു.11.35 ന് യുദ്ധം ആരംഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നതന്യാഹു ലോകത്തോട് പ്രഖ്യാപിച്ചു. ഭീതിയുടെയും ദുരിതത്തിന്റെയും പട്ടിണിയുടെയും ഒരാണ്ട് പശ്ചിമേഷ്യയില്‍ പൂര്‍ത്തിയാകുമ്പോള്‍ ഇരുപക്ഷത്തും നഷ്ടങ്ങള്‍ അനവധിയാണ്.