"ഉമ്മൻചാണ്ടീ..." ആൾക്കൂട്ടത്തിനിടയിൽ നിന്നും നിന്നും ഉള്ള നീട്ടിവിളി കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2016 ലാണ് സംഭവം നടക്കുന്നത്. കോഴിക്കോട് നടക്കാവ് ഗവ. ടി.ടി.ഐയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാൻ എത്തിയതായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ സി അബു, എൻ സുബ്രഹ്മണ്യൻ, രമേശ് നമ്പിയത്ത് എന്നിവരെല്ലാം ആ വിളി കേട്ട് ഭാഗത്ത് ആളെ തിരഞ്ഞു.
മുഖ്യമന്ത്രിയുടെ പേര് വിളിച്ചയാളെ ഒടുവിൽ തിരിച്ചറിഞ്ഞു. സദസിൽ ഇരുന്ന രണ്ടാം ക്ലാസുകാരി ശിവാനി. ശിവാനിക്കരികിലേക്ക് ഓടിയെത്തിയ ഉമ്മൻചാണ്ടി സ്വതസിദ്ധമായ നറുപുഞ്ചിരിയോടെ ആ കുട്ടിയെ ചേർത്തുപിടിച്ചു. എന്തിനാണ് വിളിച്ചതെന്ന കാര്യം തിരക്കി. ഒന്നു പതറിയെങ്കിലും ശിവാനി നിഷ്കളങ്കമായ മനസ്സോടെ പറഞ്ഞു. തൻറെ കൂട്ടുകാരൻ അമൽ കൃഷ്ണയ്ക്ക് വീടില്ല. അതുകൊണ്ടാണ് പേര് നീട്ടി വിളിച്ചതെന്ന് പറഞ്ഞു. എല്ലാം കേട്ട മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രശ്നത്തിന് പരിഹാരം കാണും എന്ന് ഉറപ്പു നൽകി.
അത് പാഴ്വാക്കായില്ല. ചടങ്ങിൽ തന്നെ അമലിന് വീട് നിർമ്മിച്ച് നൽകുമെന്ന് പ്രഖ്യാപിച്ചു. സർക്കാർ ഫണ്ട് ലഭിക്കാൻ സാങ്കേതിക തടസ്സം വന്നതോടെ ഉമ്മൻചാണ്ടി തന്നെ നേരിട്ട് രംഗത്തിറങ്ങി ഫണ്ട് സ്വരൂപിച്ച് അമലിന് വീട് നിർമിച്ച് നൽകി. നന്മ എന്ന് പേരിട്ട വീടിന്റെ പാലുകാച്ചലിനും പിന്നീട് ഉമ്മൻചാണ്ടി എത്തി. അതെ, മലയാളിക്ക് എപ്പോഴും സധൈര്യം വിളിക്കാവുന്ന പേരായിരുന്നു ഉമ്മൻചാണ്ടി. ഏതു വിഷമങ്ങൾക്കും അവിടെ പരിഹാരം ഉണ്ടായിരുന്നു. ആ തണലാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തിലൂടെ മലയാളിക്ക് ഇല്ലാതാകുന്നത്.