തിരുവനന്തപുരം:മോഹൻലാൽ ഉൾപ്പെടെ രാജിവച്ച് 'അമ്മ' ഭരണസമിതിയെ പിരിച്ചുവിട്ട നടപടിയില്‍ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അമ്മ എന്ന സംഘടനയെ തകര്‍ത്ത ദിവസമാണിതെന്നും സംഘടന നശിച്ച് കാണണമെന്ന് ആഗ്രഹിച്ചവര്‍ക്ക് സന്തോഷിക്കാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
'സുരേഷ് ഗോപിയുടെ കൈയ്യില്‍ നിന്ന് 50,000 രൂപ, മോഹന്‍ ലാലിന്റെ കൈയ്യില്‍ നിന്നും 50,000 രൂപ, മമ്മൂട്ടിയുടെ കൈയ്യില്‍ നിന്നും 50,000 രൂപ. ഈ മൂന്നു പേരില്‍ നിന്നുമായി ഒന്നരലക്ഷം രൂപ വാങ്ങിച്ച് തുടങ്ങിയ അമ്മയെന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമാണ് ഇന്ന്. അമ്മയെ നശിപ്പിക്കാനായിട്ട് കുറേ ആളുകള്‍ കുറേ നാളുകളായി ആഗ്രഹിച്ചിരുന്നു. അവര്‍ സന്തോഷിക്കുന്ന ദിവസമാണ് ഇന്ന്. പക്ഷേ നമ്മളെ സംബന്ധിച്ച് ദുഃഖമാണ്.'
അമ്മയിലെ മുഴുവന്‍ പേര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ഇതൊക്കെ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണം. മോഹന്‍ലാലും മമ്മൂട്ടിയും മാറിനിന്നാല്‍ ഇതിന് നയിക്കാന്‍ ആര്‍ക്കും കഴിയില്ല. പുതിയ ആളുകള്‍ വരണമെന്നാണ് പറയുന്നത്. എന്താകുമെന്ന് കണ്ടറിയാം. ഒരു സംഘടന തകരുന്നത്, കാണുന്നവര്‍ക്ക് രസമാണ്. പക്ഷേ എനിക്ക് ഏറെ ഹൃദയ വേദന തോന്നിയ നിമിഷമെന്നും' ഗണേഷ് കുമാര്‍ പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമയിലുണ്ടായ വെളിപ്പെടുത്തലിലും ലൈംഗികാതിക്രമ പരാതികള്‍ക്കും പിന്നാലെയാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജിവെച്ചത്. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങള്‍ ഉന്നയിച്ചതോടെയാണ് കൂട്ട രാജിയിലേക്കെത്തിയത്.