ബംഗളൂരു: യാത്രയ്ക്കിടെ മലയാളി യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ ബൈക്ക് ടാക്സി ഡ്രൈവർ അറസ്റ്റിൽ.സംഭവമുണ്ടായത്. ബംഗളൂരുവിലാണ്. കൊട്ടാരക്കര സ്വദേശിനിയായ ആതിര പുരുഷോത്തമനാണ് മോശം അനുഭവമുണ്ടായത്. ട്വിറ്ററിലൂടെയാണ് ആതിര തനിക്കു നേരിട്ട മോശം അനുഭവം പങ്കുവച്ചത്. തുടർന്ന് റാപ്പിഡോ ഡ്രൈവറായ ഹാവേരി സ്വദേശി കെ. ശിവപ്പയെ (23) പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സാമൂഹിക പ്രവർത്തകയായ യുവതി മണിപ്പുരിൽ സ്ത്രീകൾക്കെതിരെയുണ്ടായ അതിക്രമങ്ങൾക്കെതിരെ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്ത് ബൈക്ക് ടാക്സിയിൽ മടങ്ങുകയായിരുന്നു. വിജനമായ പ്രദേശത്തുവച്ചാണ് യുവാവ് മോശമായി പെരുമാറിയത്. ഒരു കൈകൊണ്ടാണ് ഇയാൾ വണ്ടിയോടിച്ചത്. തന്റെ സുരക്ഷയെ ഭയന്ന് താൻ നിശബ്ദയായി വണ്ടിയിൽ ഇരുന്നു എന്നാണ് ആതിര കുറിക്കുന്നത്. തുടർന്ന് വീട് എത്തുന്നതിന് 200 മീറ്റർ മുൻപു തന്നെ ഇവർ യാത്ര അവസാനിപ്പിക്കുകയായിരുന്നു.
യാത്രയ്ക്ക് ശേഷവും ഇയാൾ ഫോൺ വിളിക്കുകയും വാട്സ്ആപ്പിൽ സന്ദേശം അയക്കുന്നത് തുടരുകയുമായിരുന്നു. നമ്പർ ബ്ലോക് ചെയ്തിട്ടും മറ്റു പല നമ്പറുകളിൽ നിന്ന് ഇയാൾ ഫോൺ വിളിക്കുകയാണെന്നും യുവതി പറഞ്ഞു. ഇതോടെയാണ് വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ഉൾപ്പടെ പങ്കുവച്ച് തനിക്ക് നേരിട്ട ദുരനുഭവം കുറിച്ചത്. സംഭവം ചർച്ചയായതോടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടെ താമസിക്കുന്നയാളുടെ വെബ് ടാക്സി അക്കൗണ്ട് ഉപയോഗിച്ചാണ് പ്രതി റൈഡിന് എത്തിയതെന്നാണ് പൊലീസ് പറയുന്നത്.
മലയാളി യുവതി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് വായിക്കാൻ ക്ലിക്ക് ചെയ്യുക