ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വനിത ഹജ്ജ് വിമാന സര്‍വീസ് നടത്തി എയര്‍ ഇന്ത്യ എക്സ്പ്രസ്. 145 സ്ത്രീ തീര്‍ഥാടകരുമായി പുറപ്പെട്ട ഈ വിമാനത്തിന്റെ എല്ലാ ജീവനക്കാരും വനിതകളായിരുന്നു.
വനിതകള്‍ മാത്രമുള്ള ആദ്യ ഹജ്ജ് വിമാനം, ഐഎക്‌സ് 3025, കോഴിക്കോട് നിന്ന് വ്യാഴാഴ്ചയാണ് പുറപ്പെട്ടത്. ക്യാപ്റ്റന്‍ കനിക മെഹ്‌റ, ഫസ്റ്റ് ഓഫീസര്‍ ഗരിമ പാസി എന്നിവരായിരുന്നു വിമാനത്തിന്റെ പൈലറ്റുമാര്‍. ക്യാബിന്‍ ക്രൂ അംഗങ്ങളായിരുന്നത് ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശര്‍മ, ശുഭാംഗി ബിശ്വാസ് എന്നിവരായിരുന്നു.
ഗ്രൗണ്ട് ടാസ്‌ക്കുകള്‍ നിര്‍വഹിച്ചതും എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ വനിതാ പ്രൊഫഷണലുകളാണ്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ സരിതാ സലുങ്കെ വിമാനം മോണിറ്റര്‍ ചെയ്തു, അതേസമയം മൃദുല കപാഡിയ വിമാനത്തിന്റെ പുരോഗതികള്‍ നിരീക്ഷിച്ചു.
ലീന ശര്‍മ്മയും നികിത ജവാന്‍ജലും ഫ്‌ലൈറ്റ് ഡിസ്പാച്ച് കൈകാര്യം ചെയ്തു. നിഷ രാമചന്ദ്രന്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഓണ്‍-ഡ്യൂട്ടി സര്‍വീസ് എഞ്ചിനീയറായി പ്രവര്‍ത്തിച്ചു. അതേസമയം, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ആദ്യ മലയാളി ഹാജിമാരുടെ സംഘം നാലിനാണ് മക്കയിലെത്തിയത്.