കണ്ണൂര്‍:ഹെല്‍മെറ്റ് വയ്ക്കാത്തതിന് പിഴ അടയ്ക്കാന്‍ 150-ലധികം തവണ നോട്ടീസ് കിട്ടിയിട്ടും ഒറ്റതവണപോലും അടയ്ക്കാതെ മുങ്ങിയ ആളെ കൈയോടെ പൊക്കി ആര്‍.ടി.ഒ. ഉദ്യോഗസ്ഥര്‍. പഴയങ്ങാടിയിലുള്ള എ.ഐ. ക്യാമറയാണ് ഹെല്‍മെറ്റിടാത്ത തല തുടര്‍ച്ചയായി പൊക്കിയത്.
ജൂലായ് മുതല്‍ ഇതുവരെയുള്ള കാലയളവിലാണ് പിഴ ഈടാക്കിയിരിക്കുന്നത്. യാത്രയിൽ പിന്‍യാത്രക്കാര്‍ ഹെല്‍മെറ്റ് വയ്ക്കാത്തതിനും പിഴ കിട്ടിയിട്ടുണ്ട്. എ.ഐ. കണ്ണുകള്‍ വിടാതെ പിന്തുടര്‍ന്നിട്ടും പിടികൊടുക്കാത്ത വിരുതനെ പൊക്കാന്‍ ഒടുവില്‍ കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ഉദ്യോഗസ്ഥ എ.സി.ഷീബയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി. 86,500 രൂപ പിഴ അടയ്ക്കാന്‍ നോട്ടീസും നല്‍കി.
ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി അധികൃതര്‍ ആരംഭിച്ചു. പിഴയടക്കാന്‍ ഇനിയും തയ്യാറായില്ലെങ്കില്‍ ബൈക്ക് ഇനിമുതല്‍ ആര്‍.ടി.ഒ. ഓഫീസിലുണ്ടാകും. എ.ഐ. ക്യാമറ വരുന്നതിനുമുന്‍പും നിരവധി തവണ പോലീസ് പരിശോധനയില്‍ പിഴയിടപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായായിരിക്കും ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ മോട്ടോര്‍വാഹന വകുപ്പ് ഒരാള്‍ക്ക് ഇത്രയേറെ തവണ പിഴയിടുന്നതെന്നാണ് വിലയിരുത്തലുകള്‍. 155 തവണയാണ് ഇയാള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് മാത്രം കുടുങ്ങിയിരിക്കുന്നത്. ഇത് കണക്കിലെടുത്താണ് 86,500 രൂപ പിഴ ഈടാക്കാന്‍ എം.വി.ഡി. ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.